ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി: ഫോര്‍ട്ട് സ്റ്റേഷനിൽ ഉദയകുമാറിനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്ന കേസിൽ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു. അന്വേഷണത്തിൽ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിൽ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉൾപ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഒന്നാം പ്രതി കെ ജിതകുമാറിന്‍റെ വധശിക്ഷയാണ് റദ്ദാക്കിയത്. രണ്ടാം പ്രതി എസ് വി ശ്രീകുമാറിനും 2018 ൽ വധശിക്ഷ വിധിച്ചെങ്കിലും അര്‍ബുദബാധയെ തുടര്‍ന്ന് 2020 ൽ മരിച്ചു. കൊലക്കുറ്റം, ക്രൂരമര്‍ദ്ദനം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. ഉരുട്ടിക്കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കുകയും വ്യാജരേഖ ചമച്ച് ഉദയകുമാറിനെതിരെ കള്ളക്കേസുണ്ടാക്കുകയും ചെയ്തതിന് സിബിഐ പ്രത്യകേ കോടതി മൂന്നു വര്‍ഷം തടവും പിഴയും വിധിച്ച മുന്‍ എസ്പിമാരായ ഇകെ സാബു, ടികെ ഹരിദാസ്, അന്ന് എസ്ഐയിയായിരുന്ന ടി അജിത്കുമാര്‍ എന്നിവരെയും ഹൈക്കോടതി വെറുതേ വിട്ടു. 

2005 സെപ്തംബര്‍ 27ന് രാത്രിയിലാണ് പൊലീസുകാരുടെ മൂന്നാം മുറ പ്രയോഗത്തിൽ ഉദയകുമാര്‍ ഫോര്‍ട്ട് സ്റ്റേഷനിൽ കൊല്ലപ്പെട്ടത്. വഴിയരികിൽ പരിക്കേറ്റ് കിടന്നുവെന്ന് പറഞ്ഞാണ് പൊലീസുകാര്‍ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആര്‍ഡിഒയുടെ സാന്നിദ്ധ്യത്തിൽ നടന്ന പോസ്റ്റ് മോര്‍ട്ടത്തിൽ ഉരുട്ടിക്കൊലയുടെ ഭീകരത പുറത്തുവന്നു. ഉദയകുമാറിന്‍റെ ശരീരത്തിൽ ഇരുമ്പ് പൈപ്പ് കൊണ്ട് ഉരുട്ടിയതിന്‍റെയും അടിച്ചതിന്‍റെ 22 ഗുരുതര പരിക്കുകള്‍ കണ്ടെത്തി. ജിതകുമാര്‍, ശ്രീകുമാര്‍, സോമൻ എന്നീ പൊലീസുകാര്‍ ചേര്‍ന്ന് ഉരുട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. സോമൻ വിചാരണക്കിടെ മരിച്ചു. 

ആക്രിക്കട തൊഴിലാളിയായിരുന്ന ഉദയകുമാറിന്‍റെ കൈവശമുണ്ടായിരുന്ന നാലായിരം രൂപ മോഷ്ടിച്ചതെന്ന് വരുത്താനായിരുന്നു പൊലീസ് ക്രൂരത. ഉച്ചയോടെ ശ്രീകണ്ഠേശ്വരം പാര്‍ക്കിൽ നിന്ന് സുഹൃത്ത് സുരേഷ് കുമാറിനൊപ്പമാണ് ഉദകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടക്കം മുതൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങള്‍ പൊലീസ് നടത്തി. പൊലീസുകാരായ സാക്ഷികളും മാപ്പുസാക്ഷികളും കൂറുമാറി. പ്രധാന സാക്ഷിയായ സുരേഷ് കുമാര്‍ വിചാരണയിൽ നിസ്സഹരിച്ചു. ഉദയകുമാര്‍ കൊല്ലപ്പെട്ട് ഇരുപതാം വര്‍ഷത്തിലാണ് പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള ഹൈക്കോടതി വിധി വരുന്നത്. 

YouTube video player