മഴക്കാല മുന്നൊരുക്കങ്ങളിൽ സർക്കാർ പൂർണമായും പരാജയമെന്ന് യുഡിഎഫ് ആരോപിച്ചു. ഡ്രെയിനേജ് പദ്ധതികൾ പൂർത്തിയാക്കാത്തതും കനാൽ ശുചീകരണത്തിലെ കാലതാമസവും വെള്ളപ്പൊക്കത്തിന് കാരണമാകുന്നതായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. പ്രളയ പ്രതിരോധ പദ്ധതികൾ നടപ്പാക്കുന്നതിലെ മന്ദഗതിയും ദീർഘകാല പദ്ധതികളുടെ അഭാവവും സ്ഥിതി വഷളാക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: മഴക്കാലം വരുന്നതിന് മുന്നോടിയായി നടത്താറുള്ള മഴക്കാല മുന്നൊരുക്കങ്ങളില്‍ സര്‍ക്കാര്‍ പരാജയമാണെന്ന് യുഡിഎഫ്. കേരളത്തില്‍ മഴക്കാലം എത്തുമ്പോള്‍ തന്നെ പ്രളയഭീതിയും ആശങ്കയും കൂടി വരുന്നത് പതിവായിട്ടുണ്ട്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങള്‍, സംസ്ഥാനത്തിന്റെ പ്രളയ നിയന്ത്രണ സംവിധാനത്തിലെ ഗുരുതരമായ വീഴ്ചകളെ വീണ്ടും മുന്നില്‍ കൊണ്ടുവരുന്നതായി യുഡിഎഫ് കുറ്റപ്പെടുത്തി.

നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആരംഭിച്ച ഡ്രെയിനേജ് പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുന്നതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്. കനാല്‍ ശുചീകരണത്തില്‍ ഉണ്ടാകുന്ന കാലതാമസവും, നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാത്തതും സ്ഥിതിഗതികള്‍ വഷളാക്കുന്നുവെന്നും യുഡിഎഫ് പറയുന്നു. നഗര ആസൂത്രണത്തിലെ പാളിച്ചകളും, നിയന്ത്രണമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പ്രളയ ഭീഷണി വര്‍ധിപ്പിക്കുന്നതായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍, ആലുവ, നോര്‍ത്ത് പറവൂര്‍, പെരിയാര്‍ നദീതട പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഓരോ മഴക്കാലത്തും വെള്ളം കയറി ജനജീവിതം സ്തംഭിക്കുന്ന അവസ്ഥയാണെന്നും കുട്ടനാട് മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്നും യുഡിഎഫ് ആരോപിക്കുന്നു. ചെറിയ മഴ പോലും വലിയ പ്രതിസന്ധിയാകുന്നു. പ്രളയ പ്രതിരോധ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മന്ദഗതിയാണ്. പല പദ്ധതികളും പ്രഖ്യാപനങ്ങളിലൊതുങ്ങുമ്പോള്‍, പ്രവര്‍ത്തനരംഗത്ത് പുരോഗതി കാണാനില്ലെന്നതാണ് ആരോപണം. പ്രളയത്തിന് ശേഷമുള്ള ദുരിതാശ്വാസ വിതരണത്തിലും ക്രമക്കേടുകള്‍ ഉണ്ടെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.

ദീര്‍ഘകാല പ്രളയ നിയന്ത്രണത്തിന് വ്യക്തമായ പദ്ധതികള്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്‌നമെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. എല്ലാ വര്‍ഷവും ഒരേ പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടാണ് ശാശ്വത പരിഹാരം കാണാനാകാത്തതെന്ന ചോദ്യമാണ് ഉയരുന്നത്. കേരളം ഇപ്പോഴും പ്രളയ സാഹചര്യം നേരിടാന്‍ ക്യ്തമായ പദ്ധതികളുള്ള സംസ്ഥാനമായിട്ടില്ലെന്നന്നും യുഡിഎഫ് പറയുന്നു.