പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ സഖ്യം. വികസന, ക്ഷേമകാര്യ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി, യുഡിഎഫ് അംഗങ്ങളെ പിന്തുണച്ചു. ഇതോടെ ചെയർമാൻമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ്- ബിജെപി കൂട്ടുകെട്ട്. വികസന, ക്ഷേമകാര്യ സമിതികളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് സഖ്യം. യുഡിഎഫ് അംഗങ്ങൾക്കാണ് ബിജെപി പിന്തുണ നൽകിയത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, ഐഡിഎഫ് - 9 സീറ്റുകൾ, യുഡിഎഫ് -7 സീറ്റ്, ബിജെപി- 2 സീറ്റ് എന്നിങ്ങനെയായിരുന്നു കക്ഷിനില. നറുക്കെടുപ്പിലൂടെ ചെയർമാൻമാരെ തെരഞ്ഞെടുക്കും. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് മുന്‍ ഡിസിസി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ എ.വി. ഗോപിനാഥിന്റെ സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) എൽഡിഎഫ് മുന്നണിയായി മത്സരിക്കാന്‍ ധാരണയായത്. 50 വർഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തില്‍ അവസാനം കുറിക്കണമെന്ന് പ്രഖ്യാപിച്ചായിരുന്നു ഐഡിഎഫ് എൽഡിഎഫിനൊപ്പം നിന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍11 സീറ്റിൽ കോണ്‍ഗ്രസും, 5 സീറ്റിൽ സിപിഎമ്മും ആയിരുന്നു വിജയിച്ചത്. 2023-ല്‍ മുഖ്യമന്ത്രിയുടെ നവകേരള സദസ്സില്‍ പങ്കെടുത്തതോടെ എ.വി. ഗോപിനാഥിനെ പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കിയിരുന്നു. 25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചയാളാണ് എ.വി. ഗോപിനാഥ്. 1991-ല്‍ ആലത്തൂര്‍ നിയമസഭാമണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎൽഎയും ആയിരുന്നു.