തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയമാണെന്ന് എം ലിജു. പ്രതിഭക്കെതിരായ അധിക്ഷേപത്തിൽ പാർട്ടി നടപടി എടുത്തുവെന്നും അധിക്ഷേപ പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും ലിജു
ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർഥി എം ലിജു. തെരഞ്ഞെടുപ്പിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയമാണെന്ന് എം ലിജു പറഞ്ഞു. പാർട്ടി നടപടി എടുത്തു. അധിക്ഷേപ പരാമർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. ഗൗരവം തിരിച്ചറിഞ്ഞ് താൻ ഖേദം പ്രകടിപ്പിച്ചുവെന്നും എം ലിജു പറഞ്ഞു.
മുൻപ് യുഡിഎഫ് വനിതാനേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ ഉണ്ടായപ്പോ സിപിഎം എന്ത് നടപടി എടുത്തു?. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമാണ് ചർച്ചയാകേണ്ടത്. മണ്ഡലത്തിൽ എന്തൊക്കെ ചെയ്തു. ജനം എല്ലാം തിരിച്ചറിയും. സ്ത്രീ വിരുദ്ധ പരാമർശത്തിൽ യുഡിഎഫ് ചെയ്യാനുള്ളതെല്ലാം ചെയ്തു. വ്യക്തിഅധിക്ഷേപത്തിൽ നിയമപരമായി മുന്നോട്ട് പോകട്ടെ. തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാം. എൽഡിഎഫിന് വിഷയ ദാരിദ്ര്യമാണെന്നും എം ലിജു പറഞ്ഞു.
പരാമർശത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭക്കെതിരായ ലീഗ് നേതാവിന്റെ വിവാദ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഇടപെടൽ. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് മുൻപ് നടപടി എടുത്ത് അറിയിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശം. ആലപ്പുഴ കളക്ടർക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയത്. അതേസമയം, അധിക്ഷേപ പരാമർശത്തിൽ നിയമ നടപടികളിലേക്ക് നീങ്ങുകയാണ് കായംകുളത്തെ എല്‍ഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. ഇന്ന് ഇലക്ഷൻ കമ്മീഷനും പൊലീസിലും പരാതി നൽകും.
അധിക്ഷേപ പരാമർശത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് ലീഗ് നേതാവ് ഇർഷാദ് ചക്കാലശ്ശേരിയ്ക്കെതിരെ യു പ്രതിഭ പരാതി നൽകുക. അതേസമയം, പ്രതിഭയുടെ തന്നെ മുൻകാല പരാമർശങ്ങൾ ആയുധമാക്കിയാണ് യുഡിഎഫിന്റെ മറുപടി. യു പ്രതിഭ തന്നെ മുന്നോട് നടത്തിയ പരാമർശങ്ങൾ ഉയർത്തിയാണ് യുഡിഎഫിന്‍റെ പ്രതിരോധം. പ്രതിഭയുടെ മകനെതിരായ ലഹരി കേസ് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരോട് 'ഇതിലും ഭേദം ശരീരം വിൽക്കുന്നതാണ്' എന്നാണ് അന്ന് പ്രതിഭ പ്രതികരിച്ചത്.
വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്ചാചതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് എന്നാണ് യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരിയുടെ വിവാദ പരാമർശം. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ യു പ്രതിഭ എംഎൽഎ ആയിരുന്നപ്പോള്‍ ചെയ്തില്ല, കഴിഞ്ഞ പത്ത് വര്‍ഷമായി ഒരു വിധത്തിലുള്ള വികസനപ്രവര്‍ത്തനവും ചെയ്തിട്ടില്ല. വാക് ചാതുരിയും ശരീരത്തിന്‍റെ അഴകും വിൽപനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുകയാണ് എന്നുള്ള ഗുരുതരമായ സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് ഇർഷാദ് ചക്കാലശ്ശേരിയുടെ ഭാഗത്ത് നിന്നുണ്ടായത്. യുഡിഎഫ് കൺവെൻഷനിലായിരുന്നു സ്ത്രീവിരുദ്ധ പരാമർശം. പരാമര്‍ശത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയരുന്നുണ്ട്.



