ഇന്നലെ എസ്എസ്എല്‍എസി പരീക്ഷ തുടങ്ങി എന്ന തരത്തിലാണ് , വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്.  തെറ്റു മനസിലാക്കിയപ്പോള്‍ ഇത് തിരുത്തിയെന്നും വിശദീകരണം

കോട്ടയം: പരീക്ഷ തുടങ്ങും മുമ്പേ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നുളള കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന്‍റെ വീഡിയോയെ ട്രോളി മാണി ഗ്രൂപ്പ്. ഇന്നലെ എസ്എസ്എല്‍എസി പരീക്ഷ തുടങ്ങി എന്ന തരത്തിലാണ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്ന് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്. എന്നാല്‍ മാര്‍ച്ച് 4ന് മാത്രമാണ് പരീക്ഷ തുടങ്ങുന്നത്. ഈ അബദ്ധമാണ് സ്ഥാനാര്‍ഥിയ്ക്കെതിരെ മാണി ഗ്രൂപ്പ് ട്രോളാക്കി മാറ്റിയത്.

എന്നാല്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജ് കൈകാര്യം ചെയ്യുന്ന സംഘത്തിനു പറ്റിയ അശ്രദ്ധയാണ് വീഡിയോയ്ക്ക് പിന്നിലെന്ന് ഫ്രാന്‍സിസ് ജോര്‍ജ് വിശദീകരിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ നേര്‍ന്നു കൊണ്ട് നേരത്തെ തയാറാക്കിയ വീഡിയോ, സോഷ്യല്‍ മീഡിയ സംഘം അബദ്ധത്തില്‍ അപ് ലോഡ് ചെയ്തതാണെന്നും തെറ്റു മനസിലാക്കിയപ്പോള്‍ ഇത് തിരുത്തിയെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.