2026-ലെ ചിറയിൻകീഴ് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് 1422 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. രമ്യക്ക് 56833 വോട്ടുകൾ ലഭിച്ചപ്പോൾ, പ്രധാന എതിരാളിയായ എൽഡിഎഫിന്റെ മനോജ് എടമന 55411 വോട്ടുകൾ നേടി.
ചിറയിൻകീഴ് : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് വിജയം. 1422 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രമ്യ വിജയിച്ചത്. വിജയിച്ച സ്ഥാനാർഥിക്ക് 56833 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാര്‍ഥി മനോജ് എടമന 55411 വോട്ടുകളും, ബിജെപി സ്ഥാനാര്‍ഥി 32920 വോട്ടുകളും നേടി.
ചിറയിൻകീഴ് താലൂക്കിൽ ഉൾപ്പെടുന്ന അഞ്ചുതെങ്ങ്, അഴൂർ, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുദാക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിലെ കഠിനംകുളം, മംഗലപുരം എന്നീ ഗ്രാമപഞ്ചായത്തുകളും ചിറയിൻകീഴ് നിയമസഭ മണ്ഡലം. പട്ടിക ജാതി സംവരണ മണ്ഡലമാണ് ചിറയിൻകീഴ്. 2011 മുതൽ സിപിഐ യുടെ വി ശശിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടിയിലുണ്ടായ കലാപങ്ങൾ കോൺഗ്രസിനെ ചില്ലറ പ്രശ്നങ്ങൾ ഒന്നുമല്ല ഉണ്ടാക്കിയിരുന്നത്. മണ്ഡലത്തിന് പുറത്തുള്ള സ്ഥാനാർഥിയെ മത്സരിപ്പിച്ചതിനെതിരെ നടന്ന പ്രതിഷേധവും ഇക്കുറി തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായി മാറിയിരുന്നു. മണ്ഡലത്തിൽ മത്സരിക്കാൻ ദലിത് സ്ഥാനാർഥികൾ ഉള്ളപ്പോൾ പുറത്തു നിന്ന് സ്ഥാനാർഥികളെ പരിഗണിക്കേണ്ടതില്ല എന്നായിരുന്നു ഒരു വിഭാഗം പ്രവർത്തകർ വ്യക്തമാക്കിയത്.
2021-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 14,017 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി വിജയിക്കുന്നത്. സിപിഐ സ്ഥാനാർത്ഥി വി ശശി 62,634 വോട്ടുകളായിരുന്നു നേടിയിരുന്നത്. യുഡിഎഫ് സ്ഥാനാർഥി ബിഎസ് അനൂപിന് 48,617 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി ജിഎസ് ആശാനാഥ് 30,986 വോട്ടുകൾ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയിട്ടുണ്ട്.






