15648 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 66112 വോട്ടുകള്‍ ടോണി ചമ്മണി നേടി.

വൈപ്പിൻ: വൈപ്പിൻ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിക്ക് മിന്നും ജയം. 15648 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ആകെ പോള്‍ ചെയ്‌ത വോട്ടുകളില്‍ 66112 വോട്ടുകള്‍ ടോണി ചമ്മണി നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ അഡ്വ. എംബി ഷൈനി 50464 വോട്ടുകളും എൻഡിഎയിലെ അനിത തോമസ് 13637 വോട്ടുകളും നേടി. കണയന്നൂർ താലൂക്കിലെ കടമക്കുടി, മുളവുകാട് എന്നീ പഞ്ചായത്തുകളും, കൊച്ചി താലൂക്കിൽ ഉൾപ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് വൈപ്പിൻ നിയമസഭാമണ്ഡലം. പഴയ ഞാറയ്ക്കല്‍ മണ്ഡലമാണ് അതിര്‍ത്തി പുനര്‍നിര്‍ണയത്തോടെയാണ് വൈപ്പിനായി മാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കമുളള മണ്ഡലമാണ് വൈപ്പിൻ. എന്നാൽ, നേരത്തെ യുഡിഎഫും മണ്ഡലത്തിൽ വിജയിച്ചിട്ടുണ്ട്. 2006 മുതൽ തുടർച്ചയായി എൽഡിഎഫാണ് മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരുന്നത്. ശക്തമായ പ്രാദേശിക സംഘടന, പഞ്ചായത്ത് തലത്തിലുള്ള നെറ്റ്‌വർക്കുകൾ, മത്സ്യത്തൊഴിലാളി യൂണിയനുകളുമായും റെസിഡന്റ്‌സ് അസോസിയേഷനുകളുമായുള്ള നിരന്തരമായ ഇടപെടൽ എന്നിവയിലൂടെ സിപിഎം വൈപ്പിനിൽ ശക്തമായ ഒരു അടിത്തറ ഉണ്ടാക്കിവെച്ചിരുന്നു.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ്

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വൈപ്പിൻ മണ്ഡലത്തെ സംബന്ധിച്ചിടത്തോളം ഒരു നിർണ്ണായക നേതൃമാറ്റത്തിന്റെ കൂടി വേദിയായിരുന്നു. ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച മുതിർന്ന നേതാവ് എസ്.ശർമ്മയ്ക്ക് പകരം, ജനകീയ മുഖമായ കെഎൻ ഉണ്ണിക്കൃഷ്‍ണനെയാണ് സിപിഎം കളത്തിലിറക്കിയിരുന്നത്. മണ്ഡലത്തിന് വ്യക്തികളോടുള്ള വിശ്വസ്തതയാണോ അതോ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറയാണോ വിജയഘടകം എന്ന് പരീക്ഷിക്കപ്പെട്ട സന്ദർഭമായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ്. യുവത്വത്തിന്റെ കരുത്തുമായാണ് കോൺഗ്രസ് സ്ഥാനാർത്ഥി ദീപക് ജോയ് മത്സരത്തിനെത്തിയത്. തീരദേശ വിഷയങ്ങളിലെ ശക്തമായ ഇടപെടലുകളും വികസന മുരടിപ്പിനെതിരെയുള്ള വിമർശനങ്ങളും മുൻനിർത്തി അദ്ദേഹം ശക്തമായ പ്രചാരണം കാഴ്ചവെച്ചു. ബിജെപിക്കൊപ്പം ട്വന്റി-20 കൂടി സജീവമായി രംഗത്തുണ്ടായിരുന്നത് വൈപ്പിനിലെ രാഷ്ട്രീയപ്പോരാട്ടത്തെ ബഹുതല മത്സരമാക്കി മാറ്റി.

2021-ലെ തിരഞ്ഞെടുപ്പിൽ വൈപ്പിൻ വീണ്ടും ഇടതുപക്ഷത്തോടുള്ള താല്പര്യം പ്രകടിപ്പിക്കുകയായിരുന്നു. 8,201 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെഎൻ ഉണ്ണികൃഷ്ണൻ ദീപക് ജോയിയെ പരാജയപ്പെടുത്തിയത്. ട്വൻ്റി20 സ്ഥാനാർഥി ജോബ് ചക്കലക്കൽ 16,707 വോട്ടുകളായിരുന്നു നേടിയിരുന്നത്. ബിജെപി സ്ഥാനാർഥിക്ക് 13540 വോട്ടുകളും ലഭിച്ചു. കെഎസ് ഷൈജു ആയിരുന്നു ബിജെപി സ്ഥാനാർഥി. എൽഡിഎഫിന്റെ തുടർച്ചയായ കരുത്ത് അടിവരയിടുമ്പോൾ തന്നെ, പ്രതിപക്ഷ വോട്ടുകളുടെ വിഭജനവും പുതിയ രാഷ്ട്രീയ ബദലുകളുടെ സാന്നിധ്യവും എടുത്തുകാട്ടിയ തെര‍ഞ്ഞെടുപ്പ് കൂടിയായിരുന്നു 2021ലെ നിയമസഭ തെര‍ഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനകീയ വികസന പദ്ധതികളാണ് എൽഡിഎഫ് പ്രചരണായുധമായി മുന്നോട്ടുവച്ചത്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കിയ പ്രതീക്ഷയിലായിരുന്നു യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.