2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വി.ഡി. സതീശൻ വിജയിച്ചു. 20,600 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം.

പറവൂർ : 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന് വിജയം. 20600 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിഡി സതീശൻ വിജയിച്ചത്. ആകെ 78658 വോട്ടുകളാണ് വിഡി സതീശൻ നേടിയത്. പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി ഇടി ടൈസൺ മാസ്റ്റർ 58058 വോട്ടുകൾ നേടിയപ്പോൾ എൻഡിഎ സ്ഥാനാര്‍ഥി വസ്‌ഥല പ്രസന്നകുമാരി 20377 വോട്ടുകളും നേടി.

രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മത്സരമാണ് ഇത്തവണ പറവൂരിൽ നടന്നത്. വടക്കൻ പറവൂർ നഗരസഭയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം. സിപിഐ കോട്ടയായി കരുതിയിരുന്ന മണ്ഡലത്തിൽ നിന്ന് തുടർച്ചയായി നാല് തവണ വിജയിച്ച് വിഡി സതീശൻ കരുത്ത് തെളിയിച്ച മണ്ഡലമാണ് പറവൂർ.

2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിഡി സതീശൻ വിജയിക്കുന്നത്. 2001 മുതൽ പറവൂരിനെ പ്രതിനിധീകരിക്കുന്നത് വിഡി സതീശനാണ്. വികസനവും ഭരണ വിരുദ്ധതയും, ശബരിമല സ്വർണ്ണകൊള്ളയും തന്നെയായിരുന്നു പറവൂരിൽ കോൺഗ്രസിൻ്റെ പ്രചരണായുധം. കഴിഞ്ഞ പത്ത് വർഷത്തെ ഭരണം ഉയർത്തിക്കാട്ടി ഇടതു പക്ഷവും മുന്നോട്ട് വന്നതോടെ വാശിയേറിയ മത്സരത്തിനായിരുന്നു മണ്ഡലം സാക്ഷ്യം വഹിച്ചത്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിഡി സതീശൻ 82,264 വോട്ടുകളാണ് നേടിയിരുന്നത്. സിപിഐയിലെ എംടി നിക്സൺ 60,963 വോട്ടുകളും നേടിയിരുന്നു. ബിഡിജെഎസ് സ്ഥാനാർത്ഥി എബി ജയപ്രകാശ് 12,964 വോട്ടുകളും നേടിയിരുന്നു. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സിപിഐ നേതാവ് എൻ ശിവൻ പിള്ളയായിരുന്നു വിജയിച്ചിരുന്നത്. എന്നാൽ 1960ലെ രണ്ടാം നിയമസഭ തെരഞ്ഞിടുപ്പിൽ കോൺഗ്രസിലെ കെ.എ. ദാമോദര മേനോൻ മണ്ഡലം പിടിച്ചെടുക്കുകയായുിരുന്നു. പിന്നീട് തുടർച്ചയായി ആറാം നിയമസഭ വരെ കോൺഗ്രസ് ആയിരുന്നു മണ്ഡലത്തിൽ‌ വിജയക്കൊടി പാറിച്ചത്. 1982ൽ വീണ്ടും സിപിഐയിലെ എൻ. ശിവൻ പിള്ള മണ്ഡലത്തിൽ വിജയിച്ചു. പിന്നീട് 2001ലെ നിയമസ തെരഞ്ഞെടുപ്പിലാണ് വിഡി സതീശൻ സിപിഐയിൽനിന്ന് മണ്ഡലം തിരിച്ചു പിടിക്കുന്നത്.