തിരുവനന്തപുരം: ടൈറ്റാനിയം കേസ് സിബിഐക്ക് വിട്ട തീരുമാനത്തെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്ന് ബെന്നി ബഹനാൻ. ഓലപ്പാമ്പ് കാണിച്ച് ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പേടിപ്പിക്കാൻ നോക്കണ്ട. ഇത് തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള രാഷ്ട്രീയ നീക്കം മാത്രമാണെന്നും  ബെന്നി ബഹനാൻ പറഞ്ഞു. എതിരാളികളെ കേസിൽ കുടുക്കി പ്രതികാരം വീട്ടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനം ആണ് മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിക്കുന്നതെന്നും ബെന്നി ബഹനാൻ ആരോപിച്ചു.

പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ജോസ് ടോം തന്നെയാണ് കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെന്നും ബെന്നി ബഹനാൻ പറഞ്ഞു. ചിഹ്നം സംബന്ധിച്ച തർക്കം സാങ്കേതിക പ്രശ്നം മാത്രമാണ്. അത് അവർ തന്നെ പരിഹരിക്കുമെന്നും ബെന്നി ബഹനാൻ പറഞ്ഞു. നാളെ നടക്കുന്ന യുഡിഎഫ് കൺവൻഷനിൽ പി ജെ ജോസഫ് പങ്കെടുക്കുമെന്നും ചിഹ്നം സംബന്ധിച്ചുള്ള തർക്കം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആരോപണം നേരിടുന്ന ടൈറ്റാനിയം അഴിമതിക്കേസ് വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്നാണ് സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് ടൈറ്റാനിയത്തിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കാൻ തീരുമാനമെടുത്തത്. 

ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഫിൻലാന്‍റ് ആസ്ഥാനമായി കെമൻറോ ഇക്കോ-പ്ലാനിംഗ് എന്ന കമ്പനിയിൽ നിന്നും 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനായിരുന്നു കരാർ. 86 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. പ്ലാന്‍റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചില്ല. ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ് ഇപ്പോള്‍ കേസിലെ പ്രതികള്‍.  വിദേശ കമ്പനി ഉൾപ്പെടുന്ന കേസായതിനാൽ  സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു.