കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് തടയിട്ടത് മുഖ്യമന്ത്രി എന്ന വിവരങ്ങൾക്കിടെ, പാർട്ടിയുടെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് നടക്കും.നിലവിൽ ഉയരുന്ന മുന്നണി മാറ്റ ചർച്ചകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി മാറ്റത്തിന് തടയിട്ടത് മുഖ്യമന്ത്രി എന്ന വിവരങ്ങൾക്കിടെ, പാർട്ടിയുടെ നിർണായക സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് കോട്ടയത്ത് നടക്കും. മുന്നണിമാറ്റ ചർച്ചകൾക്കിടെയാണ് ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ കേരള കോണ്‍ഗ്രസ് എമ്മിന്‍റെ നിര്‍ണായക യോഗം നടക്കുന്നത്. ആരൊക്കെ യോഗത്തിൽ പങ്കെടുക്കും എന്നതിലും കൗതുകം നിലനിൽക്കുന്നുണ്ട്. നിലവിൽ ഉയരുന്ന മുന്നണി മാറ്റ ചർച്ചകൾ സംബന്ധിച്ചും യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം ജോസ് കെ മാണി മുന്നണി മാറ്റ ചർച്ചകളെ തള്ളിയെങ്കിലും അണികൾക്കിടയിൽ ആശയക്കുഴപ്പം തുടരുകയാണ്. മുന്നണി മാറിയാൽ റോഷി അഗസ്റ്റ്യൻ അടക്കം മുഴുവൻ ആളുകളെയും ഒന്നിച്ച് യുഡിഎഫിൽ എത്തിക്കാനാണ് പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നത്. ജില്ലാ കമ്മിറ്റികളെയെല്ലാം ഒപ്പം നിർത്താനുള്ള നീക്കങ്ങളും തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം കൂടിയാണ് നടക്കുന്നത്.



