തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള നീക്കുപോക്കില്‍ ഒളിച്ചുകളിച്ച് യുഡിഎഫ് നേതൃത്വം. യുഡിഎഫിന് പുറത്ത് ആരുമായും സഖ്യമോ ധാരണയോ ഇല്ലെന്ന് ഉമ്മന്‍ ചാണ്ടി കോഴിക്കോട്ട് പറഞ്ഞു. മലബാറിലെ ഒട്ടുമിക്ക ജില്ലകളിലും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒറ്റക്കെട്ടായി പ്രചാരണം തുടരുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ മലക്കം മറിച്ചില്‍.

ജമാ അത്തെ ഇസ്ളാമി നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് നേതാക്കള്‍ നടത്തിയ സഖ്യ ചര്‍ച്ചകളായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ വാര്‍ത്തയായത്. പ്രചാരണം അവസാന റൗണ്ടിലേക്ക് കടക്കുന്പോഴും ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ തീരുന്നില്ല. 

വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ആര്‍എംപിയുമായും നീക്കുപോക്കുണ്ടാക്കാന്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനമെടുത്തെങ്കിലും മുല്ലപ്പളളി ഇത് നിഷേധിച്ചു. മുന്നണിക്ക് പുറത്ത് ആരുമായും സഖ്യമോ ധാരണയോ ഇല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍റെ നിലപാട്. ഇതേ നിലപാടാണ് ഉമ്മന്‍ ചാണ്ടിയും ആവര്‍ത്തിക്കുന്നത്.

എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച ഈ വിഷയത്തില്‍ കെ മുരളീധരന്‍ നടത്തിയ പ്രതികരണം മറ്റൊന്നായിരുന്നു. ആർഎംപിയുമായി പ്രത്യക്ഷത്തിൽ തന്നെ സഖ്യമുള്ളപ്പോൾ വെൽഫെയർ പാട്ടിയുമായി നീക്കുപോക്കുണ്ടെന്നും മുരളീധരൻ സമ്മതിക്കുന്നു.

വെല്‍ഫെയര്‍ സഖ്യത്തെ ബിജെപിയും സിപിഎമ്മും വലിയ ചര്‍ച്ചയാക്കി മാറ്റിയ സാഹചര്യത്തിലാണ് രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനത്തെ കോണ്‍ഗ്രസ് നേതൃത്വം തളളിപ്പറയുന്നത്. കേരളത്തിന്‍റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഇന്ന് ഈ നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു.

അതേസമയം വെല്‍ഫെയര്‍  പാര്‍ട്ടിയുമായും ആര്‍എംപിയുമായും ഉണ്ടാക്കിയ ധാരണയെ തളളിപ്പറയാന്‍ ലീഗ് അടക്കം യുഡിഎഫിലെ മറ്റ് കക്ഷികള്‍ തയ്യാറാകുന്നുമില്ല. തര്‍ക്കം തുടരുമ്പോഴും പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസുമായുണ്ടാക്കിയ ധാരണ അതേപടി തുടരാനാണ് ഇരു പാര്‍ട്ടികളുടെയും തീരുമാനം.