സീറ്റ് തർക്കം രൂക്ഷമായതോടെ പാലക്കാട് സിപിഐ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ പോലും സിപിഎം നിഷേധിച്ചെന്നും, 9 പഞ്ചായത്തുകളിലെ 19 വാർഡുകളിൽ പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി
പാലക്കാട് ഇടതുമുന്നണിയിൽ തർക്കം രൂക്ഷമാകുന്നു. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ പോലും നിഷേധിക്കുന്ന നിലപാട് സി പി എം സ്വീകരിച്ചെന്ന് തുറന്നടിച്ച് സി പി ഐ രംഗത്തെത്തി. സിപിഎം ജില്ലാ സെക്രട്ടറിയുമായി പരമാവധി ചർച്ച നടത്തിയെന്നും ഫലമുണ്ടായില്ലെന്നും സി പി ഐ ജില്ലാ സെക്രട്ടറി സുമലത മോഹൻദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എല്ലാവരും രാഷ്ട്രീയ പ്രവർത്തനം നടത്തുവരാണ്. സംഘടനാ ശേഷിക്കനുസരിച്ച് ഒരു സീറ്റെങ്കിലും നൽകണമെന്ന് സി പി ഐ ആവശ്യപ്പെട്ടു. എന്നാൽ സി പി എം അത് അംഗീകരിച്ചില്ലെന്നും ഇതാണ് ഒറ്റയ്ക്ക് മത്സരിക്കാൻ കാരണമെന്നും സി പി ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
9 പഞ്ചായത്തുകളിൽ മത്സരം
9 പഞ്ചായത്തുകളിലെ 19 വാർഡുകളിലാണ് സി പി ഐ ഒറ്റയ്ക്ക് മത്സരിക്കുക. മണ്ണൂർ പഞ്ചായത്തിൽ ഇത്തവണയും സി പി എം- സി പി ഐ നേർക്കുനേർ പോരാട്ടമാണ്. ഇവിടെ അഞ്ച് സീറ്റുകളിൽ പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനമെടുത്തെന്നും സി പി ഐ വ്യക്തമാക്കി. ചിറ്റൂർ മണ്ഡലത്തിൽ മൂന്ന് പഞ്ചായത്തുകളിലെ 5 സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും സി പി ഐ ജില്ലാ സെക്രട്ടറി വിവരിച്ചു. പെരുവമ്പ് പഞ്ചായത്തിൽ 3 സീറ്റുകളിലും നല്ലേപ്പിള്ളി, വടകരപ്പതി പഞ്ചായത്തുകളിൽ ഓരോ സീറ്റുകളിലുമാണ് സി പി ഐ മത്സരിക്കുക.
ലോക്കൽ സെക്രട്ടറിയും മത്സരിക്കും
ചിറ്റൂർ തത്തമംഗലം നഗരസഭയിൽ 2 വാർഡുകളിൽ സി പി ഐ സ്ഥാനാർഥികളെ രംഗത്തിറക്കിയിട്ടുണ്ട്. ചിറ്റൂരിൽ രണ്ട് ബ്ലോക്ക് ഡിവിഷനുകളിലും സ്ഥാനാർത്ഥികളെ നിർത്തിയെന്നും സി പി ഐ ജില്ലാ സെക്രട്ടറി വ്യക്തമാക്കി. തൃത്താല മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും സ്ഥാനാർത്ഥികളെ നിർത്തി. ഇവിടെ ആനക്കരയിൽ 2, നാഗലശേരിയിൽ 2, തിരുമിറ്റക്കോട് 3, ചാലിശ്ശേരി 1 എന്നിങ്ങനെയാണ് സി പി ഐ സ്ഥാനാർഥികൾ മത്സരിക്കുക. മേലാർകോട് സി പി എം സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ സി പി ഐ ലോക്കൽ സെക്രട്ടറിയെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. സി പി ഐ ലോക്കൽ സെക്രട്ടറി എസ് ഷൗക്കത്തലിയാണ് മേലാർകോട് സിപിഐക്ക് വേണ്ടി പോരാട്ടത്തിനിറങ്ങുന്നത്. സി പി ഐയും സി പി എമ്മും നേർക്കുനേർ പോരാടിക്കുന്നത് ജില്ലയിൽ യു ഡി എഫിന് ഗുണം ചെയ്യുമോയെന്നത് കണ്ടറിയണം.


