ഹൈക്കോടതി ജഡ്ജിയുടെ മേൽ നോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിച്ച് കേസിലെ സത്യം പുറത്ത് കൊണ്ടുവരണമെന്ന ആവശ്യത്തിനാണ് യുഡിഎഫ് യോഗത്തിന്റെ ഊന്നൽ നൽകുന്നത്. സ്വർണക്കടത്ത് കേസിലെ രഹസ്യമൊഴിയിലെ ഗുരുതര ആക്ഷേപങ്ങൾ മുഖ്യമന്ത്രിയെ സംശയ നിഴലിലാക്കിയെന്ന് യുഡിഎഫ് കൺവീനര്‍ എംഎം ഹസൻ ആരോപിച്ചു.
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിൽ കരുതലോടെ പ്രതികരിക്കാൻ യുഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ നിലവിലെ പ്രക്ഷോഭങ്ങൾ തുടരാനാണ് യുഡിഎഫിന്റെ തീരുമാനം. ജൂലൈ 2 ന് സെക്രട്ടേറിയറ്റിലേക്കും കളക്ട്രേറ്റുകളിലേക്കും യുഡിഎഫ് മാർച്ച് നടത്തും. ഹൈക്കോടതി ജഡ്ജിയുടെ മേൽ നോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിച്ച് കേസിലെ സത്യം പുറത്ത് കൊണ്ടുവരണമെന്ന ആവശ്യത്തിനാണ് യുഡിഎഫ് യോഗത്തിന്റെ ഊന്നൽ നൽകുന്നത്. സ്വർണക്കടത്ത് കേസിലെ രഹസ്യമൊഴിയിലെ ഗുരുതര ആക്ഷേപങ്ങൾ മുഖ്യമന്ത്രിയെ സംശയ നിഴലിലാക്കിയെന്ന് യുഡിഎഫ് കൺവീനര്‍ എംഎം ഹസൻ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നിട്ടും മറുപടി പറയാതെ പിണറായി ഒളിച്ചോടുകയാണ്. വിഷയത്തിൽ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്; ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി അടക്കം സ്വപ്നയുടെ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ഗൗരവമുള്ളതാണ്. പക്ഷെ ചാടിക്കയറി പ്രതിഷേധം കനപ്പിക്കേണ്ടതില്ലെന്ന നിലപാടിനായിരുന്നു യുഡിഎഫിൽ മുൻതൂക്കം ലഭിച്ചത്. കോൺഗ്രസും ഘടകക്ഷികളും ഒറ്റക്കൊറ്റക്ക് നടത്തുന്ന പ്രതിഷേധങ്ങൾ തുടരും. യുഡിഎഫ് ഒറ്റക്കെട്ടായി ജൂലൈ രണ്ടിന് സെക്രട്ടേറിയറ്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ച് നടത്തും. കടുത്ത പ്രക്ഷോഭങ്ങൾക്ക് തീരുമാനങ്ങൾ എടുത്താൽ അത് തുടര്‍ന്ന് കൊണ്ട് പോകുകയെന്ന സംഘടനാപരമായ ബാധ്യത, സ്വപ്നയും സര്‍ക്കാരും തമ്മിൽ ധാരണയിലെത്താനുള്ള സാധ്യത, സ്പ്രിംഗ്ലര്‍ വിവാദത്തിലടക്കം ഇനിയും വെളിപ്പെടുത്തലുകൾ വന്നേക്കാവുന്ന സാഹചര്യം ഇതെല്ലാം മുൻകൂട്ടി കണ്ടാണ് യുഡിഎഫ് നീക്കം. നിമയസഭയിലും സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ട് കൊണ്ട് പോകും. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ അടക്കം കെപിസിസിയുടേയും പരിഗണനയിലുണ്ടെന്നാണ് വിവരം.
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയില്ല, ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം
