കോഴിക്കോട്: തെരഞ്ഞടുപ്പ് ദിനത്തിലും വെൽഫയർ പാർട്ടി ബന്ധത്തെച്ചൊല്ലി ആരോപണപ്രത്യാരോപണങ്ങളുമായി നേതാക്കൾ. കോടിയേരി ബാലകൃഷ്ണൻ തുടക്കമിട്ട ആരോപണത്തിന് കെ മുരളീധരൻ മറുപടി നൽകി. കൊടുവള്ളി ചുണ്ടപ്പുറം വാർഡിൽ ജയമുറപ്പിച്ചെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു.

വോട്ടെടുപ്പ് ദിനത്തിലും യുഡിഎഫ് വെൽഫെയർ ബന്ധം തർക്കവിഷയമാക്കിയാണ് കോടിയേരി ബാലകൃഷ്ണനടക്കമുള്ള ഇടത് നേതാക്കൾ പ്രതികരിച്ചത്. സുന്നികളടക്കമുള്ള പരമ്പരാഗത യുഡിഎഫ് വോട്ടർമാരെ ലക്ഷ്യമിട്ടാണ് വിമർശനം. ജമാ അത്താ ഇസ്ലാമിയുമായി സഹകരിക്കുന്ന കോണ്‍ഗ്രസ് നയം പാര്‍ട്ടി കമ്മിറ്റിക്ക് പോലും അംഗീകരിക്കാനായിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. എന്നാൽ പിന്തുണ നേട്ടമുണ്ടാക്കുമെന്നും അതിന് ഇടത് മുന്നണിയുടെ സർട്ടിഫിക്കേറ്റ് വേണ്ടെന്നും തിരിച്ചടിച്ച് കെ മുരളീധരൻ രംഗത്തെത്തി. വെൽഫയർ പാർട്ടിയും ഇതേ നിലപാടിൽ തന്നെയാണ്. 

തർക്കം തുടരുമ്പോഴും യുഡിഎഫ് വെൽഫയർ ധാരണയുള്ള കോഴിക്കോട്ടെ മുക്കത്തും മലപ്പുറത്തെ കൂട്ടിലങ്ങടായിലും നടക്കുന്നത് ആവേശകരമായ പോളിംഗാണ്. എല്ലാ ബൂത്തുകളിലും വലിയ ക്യൂ ആണ്. വിവാദകേന്ദ്രമായി മാറിയ കൊടുവള്ളിയിലെ ചുണ്ടപ്പുറം വാർഡിലും നടന്നത് മികച്ച പോളിംഗാണ്. താൻ ജയിച്ചെന്നുറപ്പിച്ചാണ് കൊടുവള്ളിയിലെ ഇടത് വിമതനായ കാരാട്ട് ഫൈസലിന്റെ വോട്ടെടുപ്പിന് ശേഷമുള്ള പ്രതികരണം.

മറ്റൊരു വിവാദവിഷയമായിരുന്ന കല്ലാമലയെക്കുറിച്ചൊന്നും പ്രതികരിക്കാൻ  ആ പ്രശ്നത്തിൽ നിർണ്ണായകപങ്കുവഹിച്ച മുല്ലപ്പള്ളി തയ്യാറായില്ല. ആർഎംപി ശക്തി കേന്ദ്രമായ വടകരയിലെ 4 പഞ്ചായത്തുകളിലും നടക്കുന്നത് കനത്ത പോളിം​ഗാണ്.