കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലെ പദവി മാറ്റത്തെച്ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തിൽ അന്തിമ തീരുമാനം നാളെ. ധാരണ പ്രകാരം ജോസ് പക്ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ജോസഫ് വിഭാഗത്തിന് കൈമാറണം എന്ന ഉറച്ച നിലപാടിലാണ് യുഡിഎഫ്. സ്ഥാനം വെച്ചുമാറാൻ ധാരണ ഉണ്ടെന്ന് നേതാക്കൾ പല തവണ ആവർത്തിച്ചിട്ടും ജോസ് പക്ഷം മുന്നണിയെ വെല്ലുവിളിക്കുന്നെന്നാണ് യുഡിഎഫ് നിലപാട്. മുന്നണി വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ജോസിന്‍റെ പരസ്യ നിലപാട് അംഗീകരിക്കാനാകില്ലെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു. ജോസ് പക്ഷം മുന്നണി വിട്ടാലും പ്രശ്നമില്ല. അവസാനമായി നാളെ ജോസ് കെ മാണിയോട് യുഡിഎഫ് നേതാക്കൾ ഒരു വട്ടം കൂടി സംസാരിക്കും.

നിലപാടിൽ മാറ്റമില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാനാണ് തീരുമാനം. ജില്ലാ പഞ്ചായത്തിൽ രാജിയില്ലെങ്കിൽ അവിശ്വാസം അല്ലെങ്കിൽ ജോസ് പക്ഷത്തിനെതിരെ പരസ്യ നിലപാട് എടുക്കും. മുന്നണി തീരുമാനം അംഗീകരിക്കാതെ ജോസ് പക്ഷം നടത്തുന്ന നീക്കം അംഗീകരിക്കേണ്ടെന്നാണ് ലീഗീന്‍റെയും മറ്റ് ഘടകക്ഷികളുടേയും അഭിപ്രായം. അവിശ്വാസം വരുകയും ഇടത് മുന്നണി ജോസ് പക്ഷത്തെ പിന്തുണയ്ക്കുകയും ചെയ്‍താല്‍ യുഡിഎഫിന് ക്ഷീണമുണ്ടാകുമെന്നും യുഡിഎഫ് കരുതുന്നു. ഉമ്മൻ ചാണ്ടിയുൾപ്പെടെ ജോസ് കെ മാണിയെ അനുനയിപ്പിക്കാൻ ശ്രമം ഒരു വശത്ത് നടത്തുന്നുണ്ട്. നാളെ പിജെ ജോസഫിനെ യുഡിഎഫ് നേതാക്കൾ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. യുഡിഎഫിൽ ഒറ്റപ്പെട്ട ജോസ് പക്ഷം
അവിശ്വാസം വന്നാല്‍ എല്‍ഡിഎഫ് പിന്തുണ കാട്ടി യുഡിഎഫിനെ  പ്രതിരോധത്തിലാക്കാനാണ് നീക്കം.