ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആറുകോടിയിൽപ്പരം രൂപയായിരുന്നു അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽ ഒരു കോടി ഏപ്രിൽ 2ന് ജില്ലാ സെക്രട്ടറി പിൻവലിച്ചു. ഒരു കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റിയും മറ്റൊരു നാലുകോടിയും ബാങ്കിലുണ്ട്.
തൃശൂര്‍ : കരുവന്നൂരിലെ ഇ ഡി അന്വേഷണത്തിന് പിന്നാലെ സിപിഎം തൃശൂർ ജില്ലാ നേതൃത്വത്തിന്‍റെ സാമ്പത്തിക ഇടപാടുകൾ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷനും പരിശോധിക്കുന്നു. പാർട്ടിയുടെ ബാങ്ക് ഓഫ് ഇന്ത്യ തൃശൂർ ശാഖയിലെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര ഏജൻസി ഇതിലെ അഞ്ച് കോടി രൂപയുടെ ഉറവിടവും ഹാജരാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ നിയമം പാലിച്ചാണ് ഇടപാടുകളെന്നും ഒന്നും മറയ്ക്കാനില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു.
കരുവന്നൂരിന് തുടർച്ചയായി തൃശൂരിലെ സിപിഎമ്മിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്‍റ് മാത്രമല്ല ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനും അന്വേഷിക്കുമെന്നാണ് നിലവിലെ സൂചനകൾ. സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിന് തൊട്ടടുത്തായി പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ 1998ൽ തുടങ്ങിയ അക്കൗണ്ടാണ് മരവിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിന് ആറുകോടിയിൽപ്പരം രൂപയായിരുന്നു അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഇതിൽ ഒരു കോടി ഏപ്രിൽ 2ന് ജില്ലാ സെക്രട്ടറി പിൻവലിച്ചു. ഒരു കോടി രൂപയുടെ ഫിക്സഡ് ഡിപ്പോസിറ്റിയും മറ്റൊരു നാലുകോടിയും ബാങ്കിലുണ്ട്. ഇവയുടെ ഇടപാടുകൾ തടഞ്ഞ ഉദ്യോഗസ്ഥർ ഏപ്രിൽ 2ന് പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്നും നിർദേശിച്ചു.
സിപിഎം നൽകിയ ആദായ നികുതി റിട്ടേണുകളിൽ ഒന്നും ഈ അക്കൗണ്ട് വിവരങ്ങളില്ല. മാത്രവുമല്ല കെ വി സി രേഖകളും പൂർണമല്ല. അക്കൗണ്ടിലെ പണത്തിന്‍റെ സാന്പത്തിക ഉറവിടം ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് കേന്ദ്ര ഏജൻസികളുടെ നീക്കമെന്നാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ നിലപാട്. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്നതിനിടെ ഇൻകം ടാക്സും സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന്‍റെ മൊഴിയെടുത്തിരുന്നു. തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിട്ടുമുണ്ട്.
