കോട്ടയം: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിടുതൽ ഹർജി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്‌ മേധാവി ടോമിൻ തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ വിടുതൽ ഹർജി തള്ളിയ കോട്ടയം വിജിലൻസ് കോടതിയുടെ നടപടി ചോദ്യം ചെയ്താണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.

ഔദ്യോ​ഗിക പദവി ദുരുപയോ​ഗം ചെയ്ത് 65 ലക്ഷം രൂപ സമ്പാദിച്ചെന്നാണ് ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസ്. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് വിലയിരുത്തിയാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിയുടെ വിടുതൽ ഹർജി തള്ളിയത്. അതേസമയം, സ്വത്ത് മാതാപിതാക്കൾ വഴി പരമ്പരാഗതമായി കൈമാറിക്കിട്ടിയതാണെന്നായിരുന്നു തച്ചങ്കരിയുടെ വാദം. എന്നാൽ, ഇതിന്റെ ഉറവിടം വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. തൃശൂർ സ്വദേശിയായ പി ഡി ജോസ് ആണ് തച്ചങ്കരിക്കെതിരെ പരാതി നൽകിയിരുന്നത്.