Asianet News MalayalamAsianet News Malayalam

'തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കാഴ്ചയില്ലെന്നാണ് മനസിലാവുന്നത്'; എങ്ങനെ എഴുന്നള്ളിക്കാൻ സാധിക്കും: ഹൈക്കോടതി

ആനയുടെ ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏറ്റെടുക്കണമെന്നും നടപടി ക്രമങ്ങൾ പാലിച്ചാണോ എഴുന്നള്ളിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകി.

understood that thechikottukavu ramachandran have no sight higcourt questions elephant participation in thrissur pooram
Author
First Published Apr 15, 2024, 1:32 PM IST | Last Updated Apr 15, 2024, 1:32 PM IST

കൊച്ചി: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഫിറ്റ്നസ് നൽകിയ വെറ്റിനറി ഓഫീസറുടെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ആനയ്ക്ക് കാഴ്ച ഇല്ലെന്നാണ് മനസിലാക്കുന്നത്. ആനയുടെ ഉത്തരവാദിത്തം ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഏറ്റെടുക്കണമെന്നും നടപടി ക്രമങ്ങൾ പാലിച്ചാണോ എഴുന്നള്ളിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശം നൽകി.

മൂന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ആറ് സർട്ടിഫിക്കറ്റുകൾ ഉണ്ടെന്ന് വനം വകുപ്പ് മറുപടി നൽകിയെങ്കിലും ആനയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. പരിശോധിച്ച ശേഷം നടപടി എടുക്കുമെന്നാണ് വനം വകുപ്പ് അറിയിച്ചിട്ടുള്ളത്. പൂരം നടത്തിപ്പിലെ പ്രതിസന്ധിയില്‍ ഹൈക്കോടതിയിൽ ഇന്ന് സ്പെഷ്യൽ സിറ്റിംഗ് ആണ് നടന്നത്. മുഴുവൻ ആനകളുടെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എങ്ങനെ എഴുന്നള്ളിക്കാൻ സാധിക്കുമെന്നായിരുന്നു കോടതിയുടെ പ്രധാന ചോദ്യം. മനുഷ്യ-മൃഗ സംഘർ‍ഷങ്ങളിൽ നിരവധി പേർക്ക്  ജീവൻ നഷ്ടപ്പെട്ട് കഴിഞ്ഞു. ഇനി കൂടുതൽ അപകടങ്ങൾ ആവർത്തിക്കരുത്. സുരക്ഷയാണ് വിശ്വാസത്തേക്കാൾ മുന്നിൽ വരേണ്ടതെന്നും കോടതി വ്യക്തമാക്കി. ആനകൾ നിൽക്കുന്നയിടത്ത് ജനങ്ങൾ പാലിക്കേണ്ട ദൂരപരിധിയടക്കമുള്ള നിർദേശങ്ങൾ അപ്രായോഗികമെന്ന് പാറമേക്കാവ് ദേവസ്വം കോടതിയില്‍ വാദം ഉന്നയിച്ചു.

ആനകളിൽ നിൽക്കുന്നയിടത്ത് നിന്ന്  പാലിക്കേണ്ട ദൂരപരിധി ആറ് മീറ്ററാക്കി ഹൈക്കോടതി ചുരുക്കിയിട്ടുണ്ട്. എന്നാല്‍, ആനകൾ നിൽക്കുന്നയിടത്ത് നിന്ന് ആറ് മീറ്ററിനുള്ളിൽ തീവെട്ടി പാടില്ലെന്ന് കോടതി കൃത്യമായി നിര്‍ദേശിച്ചു. കുത്തുവിളക്കിന് അനുമതി നല്‍കിയപ്പോള്‍ തീവെട്ടി ആചാരത്തിന്‍റെ ഭാഗമല്ലെന്ന് കോടതി പറഞ്ഞു. ആനയുടെ മുൻഭാഗത്തുള്ള നിയന്ത്രണങ്ങൾ കുടമാറ്റം ഉൾപ്പടെയുള്ള കീഴ്വഴക്കങ്ങളെ ബാധിക്കില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

ആനയിൽ നിന്ന് അകലം സൂക്ഷിച്ചാൽ കുടമാറ്റം നടത്താനാവില്ലെന്നായിരുന്നു തിരുവമ്പാടി ദേവസ്വത്തിന്‍റെ വാദം. ആറ് മീറ്റർ ദൂരപരിധി കുടമാറ്റം ഉൾപ്പെടെയുള്ള ആചാരങ്ങളെ ബാധിക്കില്ലെന്ന് ഹൈക്കോടതി ഇതോടെ വ്യക്തമാക്കി. ഇതിനിടെ തൃശൂര്‍ പൂരത്തിന് നാട്ടാനകളെ നിയന്ത്രിക്കാനിറക്കിയ ഉത്തരവില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിനെതിരെ സംഘാടകര്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഭേദഗതി വരുത്തിയത്. എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ 50 മീറ്റര്‍ ചുറ്റളവില്‍ മേളങ്ങള്‍ ഉള്‍പ്പെടെ പാടില്ലെന്ന നിര്‍ദേശത്തിലാണ് ഭേദഗതി.

ആനയ്ക്ക് അസ്വസ്ഥതകളുണ്ടാകാത്ത വിധം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഭേദഗതിയില്‍ പറയുന്നത്. ആനകള്‍ തമ്മിലുള്ള അകലം, ആനകളും ജനങ്ങളും തമ്മിലുള്ള അകലം എന്നിവയ്ക്കും നിയന്ത്രണമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഭേദഗതി വരുത്തി. ഇടഞ്ഞ ആനകളെ നിയന്ത്രിക്കാന്‍ നിരോധിക്കപ്പെട്ട ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന വ്യവസ്ഥയും മാറ്റി.  നിയന്ത്രണം ഏർപ്പെടുത്തിയ ഉത്തരവിൽ ഭേദഗതി വരുത്തിയതായി വനം വകുപ്പ് കോടതിയെ അറിയിച്ചു. ഇതോടെ ആറ് മീറ്റർ കർശനമായി പാലിക്കണമെന്ന ഭേദഗതികളോടെ കോടതി ഉത്തരവിടുകയായിരുന്നു. 

കുട്ടിയുടെ കഴുത്തിൽ ക്യൂ ആർ കോഡുള്ള ഒരു ലോക്കറ്റ്; പൊലീസ് സ്കാൻ ചെയ്തു, വിനായകിന് കുടുംബത്തെ തിരികെ കിട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

Latest Videos
Follow Us:
Download App:
  • android
  • ios