വിഴിഞ്ഞത്തെ ലോകത്തെ മികച്ച തുറമുഖങ്ങളിലൊന്നാക്കുമെന്നും കേന്ദ്ര മന്ത്രി സര്‍ബാനന്ദ സൊനോവല്‍ പറഞ്ഞു.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ലോകത്തെത്തന്നെ മികച്ച തുറമുഖങ്ങളിലൊന്നാകുമെന്ന് കേന്ദ്ര മന്ത്രി സര്‍ബാനന്ദ സൊനോവല്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാകുമ്പോള്‍ കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം അറിയിക്കുകയാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്‍റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
സ്വകാര്യ - പൊതു പങ്കാളിത്ത നിക്ഷേപത്തിന്‍റെ വിജയ മാതൃകയാണ് വിഴിഞ്ഞമെന്നും മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതി ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ പദ്ധതികള്‍ക്ക് വിഴിഞ്ഞം കരുത്ത് പകരുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സാഗര്‍മാല പദ്ധതിക്ക് കീഴില്‍ കേരളത്തിൽ 24000കോടിയുടെ 55ഓളം പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ 5300 കോടിയുടെ 19പദ്ധതികള്‍ പൂര്‍ത്തിയാക്കി.
വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാകുമ്പോള്‍ അത് രാജ്യത്തിന് അഭിമാന നിമിഷമാണ്. ആഗോളതലത്തില്‍ തന്നെ ഏറ്റവും മികച്ച തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം. കേരളത്തിന് മികച്ച സാധ്യതയാണ് തുറന്ന് നല്‍കുക. തൊഴിലവസരങ്ങളുണ്ടാകും. വിഴിഞ്ഞം തുറമുഖം ആദ്യ മദര്‍ഷിപ്പിന് സ്വാഗത നല്‍കാൻ സജ്ജമാകുമ്പോള്‍ ഒരിക്കല്‍ കൂടി കേരള സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അഭിനന്ദനം അര്‍പ്പിക്കുകയാണ്.
മികച്ച തുറമുഖം ഒരുക്കിയ അദാനി ഗ്രൂപ്പിനും അഭിനന്ദനം. രാജ്യത്തേ പുരോഗതിയിലേക്ക് നയിക്കാൻ വിഴിഞ്ഞം തുറമുഖം സഹായകരമാകും. മലയാളികളുടെ ഊഷ്മള വരവേല്‍പ്പിന് നന്ദിയുണ്ടെന്നും ഏറെ സന്തോഷമുണ്ടെന്നും കേന്ദ്ര മന്ത്രി സര്‍ബാനന്ദ സൊനോവല്‍ പറഞ്ഞു.

