Asianet News MalayalamAsianet News Malayalam

കെഎസ്ഇബിയുടെ 'പോസ്റ്റുകള്‍' ജിയോക്ക്; പ്രതിഷേധവുമായി തൊഴിലാളികള്‍

ബിപിഎല്‍ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റെ‍‌ർനെറ്റ് സൗകര്യം എത്തിക്കുന്നതിനുള്ള കെഫോണ്‍ പദ്ധതിക്ക് ഇത് തിരിച്ചടിയാകുമെന്നാണ് തൊഴിലാളി സംഘടനകളുടെ വിമര്‍ശനം.

UNION PROTEST AGAINST MOVE TO ALLOT KSEB POSTS TO JIO
Author
Trivandrum, First Published Aug 30, 2019, 9:34 AM IST

തിരുവനന്തപുരം: കെഎസ്ഇബിയുടെ അഞ്ച് ലക്ഷം വൈദ്യുതി പോസ്റ്റുകള്‍ റിലയന്‍സ് ജിയോക്ക് അനുവദിക്കാനുള്ള നീക്കം വിവാദമാകുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ കെ ഫോണ്‍ പദ്ധതി അട്ടിമറിക്കുന്ന സാഹചര്യവും, സുരക്ഷാ പ്രശ്നവും ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. വിഷയത്തിൽ അന്തിമ തീരുമാനം സര്‍ക്കാരെടുക്കുമെന്ന് കെഎസ്ഇബി അറിയിച്ചു.

ഫൈബര്‍ ടു ഹോം പദ്ധതിക്ക് 5 ലക്ഷം പോസ്റ്റുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ജിയോ കെഎസ്ഇബിക്ക് മൂന്ന് മാസം മുമ്പാണ് കത്ത് നല്‍കിയത്. സര്‍ക്കാരിന്‍റെ അനുമതിക്കായി കെഎസ്ഇബി കത്ത് കൈമാറി. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് സാധ്യതാ പഠനം നടത്താന്‍ കെഎസ്ഇബി എല്ലാ സെക്ഷന്‍ ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ബിപിഎല്‍ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റെ‍‌ർനെറ്റ് സൗകര്യം എത്തിക്കുന്നതിനുള്ള കെഫോണ്‍ പദ്ധതിക്ക് ഇത് തിരിച്ചടിയാകുമെന്നാണ് തൊഴിലാളി സംഘടനകളുടെ വിമര്‍ശനം. വൈദ്യുതി വിതരണ ശൃംഖല അടിയറ വക്കാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് ഇവരുടെ നിലപാട്.

ഒരു പോസ്റ്റിന് നാനൂറ് രൂപയോളം പ്രതിവര്‍ഷം വാടക കിട്ടുമെന്നാണ് കെഎസ്ഇബി പറയുന്നത്. കെഫോണ്‍ പദ്ധതി നടപ്പിലാക്കുന്ന സമയത്ത് ഈ കരാര്‍ അവസാനിപ്പിക്കാമെന്നും ബോര്‍ഡ് വിശദീകരിക്കുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അടുത്ത ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും, അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള അറിയിച്ചു. 

Follow Us:
Download App:
  • android
  • ios