കേരളത്തിന്‍റെ യുവത്വം വിദേശത്തേക്ക് പോകുന്നു.നന്നായി പഠിച്ചവർക്ക്  ജോലിയില്ല..അക്കാദമിക് ബ്രില്യൻസ് ഉള്ളവരെ മാറ്റി നിർത്തി സി.പി.എമ്മുകാരെ  തിരുകിക്കയറ്റുന്നത് നാണം കെട്ട നടപടിയെന്നും പ്രതിപക്ഷ നേതാവ്

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അധ്യാപക നിയമന വിവാദത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.സർവകലാശാലകളെ സർക്കാർ ഡിപ്പാർട്ട്മെൻ്റാക്കാൻ ശ്രമം നടക്കുകയാണ്.സി.പി.എം നേതാക്കൾക്ക് വേണ്ടി മാത്രം നിയമനം നടക്കുന്ന സ്ഥിതിയാണുള്ളത്.25 വർഷത്തെ അധ്യാപന പരിചയമുള്ള ആളെ രണ്ടാം സ്ഥാനക്കാരൻ ആക്കി. സർവകലാശാല നിയമനങ്ങൾ പിഎസ് സിക്ക് വിടണം. വിസി നിയമന നടപടികൾ മാറ്റുന്നതും ഇഷ്ടക്കാരെ നിയമിക്കാനാണ്

സി പി എം നേതാക്കൾക്കായി സർവകലാശാലകളിലെ അധ്യാപക നിയമനം റിസർവ് ചെയ്തിരിക്കുന്നു.അക്കാദമിക് ബ്രില്യൻസ് ഉള്ളവരെ മാറ്റി നിർത്തി സി.പി.എംകാരെ തിരുകിക്കയറ്റുന്നത് നാണം കെട്ട നടപടിയാണ്.കണ്ണൂർ സർവകലാശാല വിസി യെ ഒരു നിമിഷം പോലും തുടരാൻ അനുവദിക്കരുത്.കേരളത്തിന്റെ യുവത്വം വിദേശത്തേയ്ക്ക് പോകുന്നു.നന്നായി പഠിച്ചവർക്ക് ജോലിയില്ല.പാർട്ടി നേതാക്കളുടെ ബന്ധുക്കൾക്കായി ഒഴിവുകൾ റിസർവ് ചെയ്തിരിക്കുന്നു.ലോകയുക്തയുടെ പല്ലും നഖവും കൊഴിക്കാൻ ശ്രമം നടക്കുന്നു.ഓർഡിനൻസ് അതിനുള്ളതാണ്..കേസ് വന്നതോടെ എല്ലാത്തിനെയും ഭയമാണന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മുഹമ്മദ്‌ റിയാസിന് മറുപടി

തെറ്റുകൾ ചൂണ്ടി കാട്ടുന്നത് പ്രതിപക്ഷ ധർമമാണ്. മന്ത്രി മുഹമ്മദ് റിയാസിന് ചുറ്റും സ്തുതി പാഠക സംഘം ഉണ്ട്.അദ്ദേഹത്തിന് ചില പ്രിവിലേജ് ഉണ്ട് .മന്ത്രിമാർ വിമർശിക്കപ്പെടും.എന്‍റെ മേൽ കുതിര കയറിയിട്ട് കാര്യമില്ല.താൻ പറഞ്ഞ കാര്യങ്ങൾക്കു റിയാസ് ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

ഗവർണറുടെ അധികാരം കവരുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം; വി സി നിയമന സമിതിയുടെ ഘടന മാറ്റും

വി സി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലിന് മന്ത്രിസഭാ അംഗീകാരം. സെർച്ച് കമ്മിറ്റിയിലെ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ നിർദ്ദേശിക്കും. മൂന്ന് അംഗ കമ്മിറ്റിയുടെ എണ്ണം അഞ്ചാക്കി സർക്കാറിനെ താല്പര്യമുള്ള വ്യക്തികളെ ഗവർണ്ണറെ മറികടന്ന് നിയോഗിക്കാനാണ് നീക്കം. ബിൽ വരുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് മന്ത്രിസഭ തീരുമാനം.

സർക്കാറിനെ നിരന്തരം വെള്ളം കുടിപ്പിക്കുന്ന ഗവർണ്ണറുടെ അധികാരം വെട്ടിക്കുറക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. ചാൻസിലറായ ഗവർണ്ണറുടെ അധികാരം വി സി നിയമനത്തിൽ കവരുന്ന ബില്ലിനാണ് കാബിനറ്റ് അംഗീകാരം നൽകിയത്. നിലവിൽ വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങളാണ് ഉള്ളത്. ഗവർണ്ണറുടെ പ്രതിനിധി, യുജിസി പ്രതിനിധി പിന്നെ സർവ്വകാലാശാല നോമിനി. ഇതിൽ ഗവർണ്ണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യും. ഒപ്പം കമ്മിറ്റിയിൽ സർക്കാറിന്‍റെ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തി അഞ്ചാക്കി.

Also Read: 'പരാതി കിട്ടിയാല്‍ ചവറ്റുകുട്ടയില്‍ ഇടാന്‍ കഴിയില്ല' പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഗവര്‍ണര്‍

ഗവർണ്ണർക്ക് വി സി നിയമനത്തിൽ ഉടക്കിടാനാകില്ല, സർക്കാർ ആഗ്രഹിക്കുന്ന ആളെ എളുപ്പത്തിൽ വിസിയാക്കാം എന്നതാണ് ബില്ലിനെ വ്യവസ്ഥകള്‍. നിയമ പരിഷ്ക്കാര കമ്മീഷന്‍റെ ശുപാർശ അംഗീകരിച്ച് കൊണ്ടാണ് സര്‍ക്കാരിന്‍റെ നടപടി. ഓർഡിനൻസായി കൊണ്ടുവരാൻ നോക്കിയ ഭേദഗതി ഗവർണ്ണറുമായുള്ള ഉടക്കിനെ തു‍ടർന്ന് നേരത്തെ മാറ്റിവെക്കുകയായിരുന്നു. പക്ഷെ ബില്ലുമായി മുന്നോട്ട് പോകാൻ സിപിഎം രാഷ്ട്രീയ തീരുമാനമെടുക്കുകയായിരുന്നു. ഭേദഗതി മുന്നിൽ കണ്ട് കേരള വി സി നിയമത്തിൽ ഗവർണ്ണർ നേരത്തെ സെർച്ച് കമ്മിറ്റി രൂപീകരിച്ചിരുന്നു. അതിന് ഇത് ബാധകമാകില്ല. ഈ കമ്മിറ്റിയിലേക്ക് ഇതുവരെ കേരള സർവ്വകലാശാല പ്രതിനിധിയെ നൽകിയിട്ടില്ല. ബിൽ നിയമസഭ പാസ്സാക്കിയാലും തന്‍റെ അധികാരം കവരുന്ന ബില്ലിൽ ഗവർണ്ണർ ഒപ്പിടാനുള്ള സാധ്യത കുറവാണ്. രാഷ്ട്രപതിക്ക് അയച്ചോ അല്ലെങ്കിൽ തീരുമാനം എടുക്കാതെ വൈകിപ്പിച്ചോ ഏറ്റുമുട്ടലിന്‍റെ പാതയിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ പോയാലും അത്ഭുതപ്പെടേണ്ട കാര്യമില്ല എന്ന് ചുരുക്കം.