തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘ‍ർഷവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സിപിഎമ്മും പൊലീസും ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോളേജിലെ ബിരുദ വിദ്യാർഥി അഖിലിനെ വധിക്കാൻ ശ്രമിച്ച കേസിൽ അടിയന്തിരമായി ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കോളേജിൽ നടന്ന റെയ്ഡ് വെറും പ്രഹസനമായിരുന്നു. റെയ്ഡിന് മുമ്പ് യൂണിയൻ ഓഫിസി‌ലും മറ്റും സൂക്ഷിച്ചിരുന്ന ആയുധശേഖരം ഇസ്ലാമിക് ഹിസ്റ്ററി, ജോഗ്രഫി ഡിപ്പാർട്ട്മെന്റുകളിലേക്ക് മാറ്റിയിരുന്നു. സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്യം സർക്കാരിനും സിപിഎമ്മിനുമാണ്. കേസിൽ ഇടത് നേതാക്കൾ നടത്തുന്നത് മുതലക്കണ്ണീരാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

പിഎസ്‌സി പരീക്ഷയിലെ അട്ടിമറി, യൂണിവേഴ്‌സിറ്റി ക്രമക്കേട് എന്നിവയിൽ ജുഡീഷ്യൽ അന്വേഷണം വേണം. സംഭവവുമായി ബന്ധപ്പെട്ട് ജൂലൈ 18ന് സെക്രട്ടറിയേറ്റിന് മുന്നിൽ യുഡിഎഫ് എംഎൽഎ ധർണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.