തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ 'ഇടിമുറി' എന്നറിയപ്പെട്ട യൂണിയൻ കേന്ദ്രം ക്ലാസ് മുറിയാക്കാനുള്ള നീക്കത്തിൽ നിന്നും കോളേജ് തല്‍ക്കാലം പിൻവാങ്ങി. സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ വായനാമുറിയാക്കാനാണ് പുതിയ തീരുമാനം. ക്ലാസ് മുറിയാക്കുന്നതിനെ വിദ്യാർഥികൾ എതിർത്തതിന് പിന്നാലെയാണ് നടപടി.

മദ്യകുപ്പിയും ഉത്തരക്കടലാസും കണ്ടെടുത്ത കോളേജിലെ എസ്എഫ്ഐ കേന്ദ്രം ക്ലാസ് മുറിയാക്കാനായിരുന്നു കോളേജ് തീരുമാനം. ഇതിനായി പ്രധാന സ്റ്റേജിന് പിന്നിലെ യൂണിയൻ മുറിയിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇവിടം ഇംഗ്ലീഷ് ക്ലാസ് മുറിയാക്കാനായിരുന്നു കോളേജ് അധികൃതർ ആലോചിച്ചത്. എന്നാൽ വിദ്യാർഥികളുടെ എതിർപ്പ് തിരിച്ചടിയായി. ഇതോടെയാണ് അതേ കെട്ടിടത്തിലെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്‍റിനായി മുറി ഇപ്പോൾ പ്രയോജനപ്പെടുത്തുന്നത്. കോളേജ് അക്കാദമിക് കൗണ്‍സിലിന്‍റെയാണ് തീരുമാനം.

എസ്എഫ്ഐ മൂന്ന് പതിറ്റാണ്ടോളം കൈവശം വച്ച മുറി അഖിൽ വധശ്രമത്തെ തുടർന്നുള്ള വിവാദങ്ങളിലാണ് ഒഴിയേണ്ടി വന്നത്. ഉടൻ നടക്കുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ശേഷം കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് നിബന്ധനകളോടെ പുതിയ യൂണിയൻ മുറി കോളേജ് അനുവദിക്കും. അതേസമയം, ഡിപ്പാർട്ട്മെന്‍റുകളുടെ മുന്നിലടക്കം സ്ഥാപിച്ചിരിക്കുന്ന എസ്എഫ്ഐ കൊടിമരങ്ങൾ നീക്കം ചെയ്തിട്ടില്ല. കൊടിമരത്തിനായി സ്ഥലം അനുവദിക്കണമെന്ന് കെഎസ്‍യുവും എഐഎസ്എഫും ആവശ്യപ്പെടും.

Also Read: മദ്യക്കുപ്പി മുതല്‍ ഗ്യാസ് അടുപ്പ് വരെ; യൂണിയന്‍ പ്രവര്‍ത്തനത്തിനായി യൂണിവേഴ്സിറ്റി കോളേജ് വിട്ടുനല്‍കിയ മുറിയിലെ കാഴ്ചകള്‍