Asianet News MalayalamAsianet News Malayalam

യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം: മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു

university college student's suicide attempt human rights commission took case
Author
Thiruvananthapuram, First Published May 4, 2019, 2:44 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.

എസ്എഫ്ഐ നേതാക്കളുടെ ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാകുറിപ്പ് എഴുതി വച്ചാണ് കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നേതാക്കളിൽ നിന്നും സമ്മർദ്ദം ഉണ്ടായെന്ന് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നു. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ്  രക്തംവാർന്ന്   ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ  കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഒന്നാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി. 

പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. കരഞ്ഞ് പറഞ്ഞിട്ട് പോലും ക്ലാസിലിരുത്താതെ എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിന് കൊണ്ടുപോയി. പരീക്ഷയുടെ തലേ ദിവസം നേരെത്തെ വീട്ടിൽ പോകാനിറങ്ങിയപ്പോൾ തടഞ്ഞു നിർത്തി ചീത്ത വിളിച്ചുവെന്നും എസ്എഫ്ഐ പ്രവർത്തകർ ശരീരത്തിൽ പിടിച്ചു തടഞ്ഞു നിർത്തിയെന്നും പെൺകുട്ടി ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നു. ആത്മഹത്യ പ്രേരണയ്ക്ക് കാരണക്കാർ യൂണിവേഴ്സിറ്റി കോളജ് പ്രിൻസിപ്പലും എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളുമാണെന്നും പെൺകുട്ടി കുറിപ്പില്‍ വിശദമാക്കുന്നു.  വിദ്യാർത്ഥിനിയുടെ ആത്മഹത്യക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. അതെ സമയം വിദ്യാര്‍ത്ഥിയോ രക്ഷിതാക്കളോ ഇക്കാര്യം പൊലീസിനോട് പരാതിപ്പെട്ടിട്ടില്ല. ആത്മഹത്യാ കുറിപ്പിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാനുള്ള നടപടികളെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. 

വിദ്യാര്‍ത്ഥിനി പരാതിയൊന്നും നൽകിയിട്ടില്ലെന്നാണ് പ്രിൻസിപ്പാളും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് എസ്എഫ്ഐയും രംഗത്തെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios