ശബരിമലയിൽ നിന്ന് രണ്ട് കിലോയിലേറെ സ്വർണ്ണം ഉണ്ണിക്കൃഷ്ണൻ പോറ്റി ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെ കവർന്നതായി റിമാൻഡ് റിപ്പോർട്ട്. വ്യാജരേഖ ചമച്ചതിൽ മുൻ എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബുവിന് നിർണ്ണായക പങ്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി കവർന്നത് ദേവസ്വം ഉദ്യോഗസ്ഥരുടെ സഹായത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് കിലോയിലേറെ സ്വർണ്ണം തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. വ്യാജരേഖകളുടെ തുടക്കക്കാരൻ മുരാരി ബാബുവാണെന്നും റിമാൻ്റ് റിപ്പോർട്ടിലുണ്ട്. 14 ദിവസം അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിൽ വിട്ട ഉണ്ണികൃഷ്ണൻ പോറ്റിയെ ചെന്നൈയിലും ബംഗളൂരുവിലും ഹൈദരാബാദിലും എത്തിച്ച് തെളിവെടുക്കും. ദേവസ്വം ബോർഡ് പ്രതിയായ കട്ടിളപ്പാളി കടത്തിൽ എസ്ഐടി അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
സ്വർണ്ണപ്പാളി വിവാദം കത്തിത്തുടങ്ങിയപ്പോൾ മുതൽ ഉണ്ണികൃഷ്ണൻ പോറ്റി സംശയനിഴലിലാണ്. അന്ന് തൻറെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞ ഇയാൾ പിന്നീട് എസ്ഐടിക്ക് മുന്നിൽ ഗൂഢാലോചനയുടെ കെട്ടഴിച്ചു. ഇരവാദം ഉന്നയിച്ച് തലയൂരാനും ശ്രമമുണ്ട്. സ്പോൺസറായി ഇയാളെ ശബരിമലയിലെത്തിച്ചതിലും ഉന്നതതല ഗൂഢാലോചനയുണ്ടെന്നാണ് എസ്ഐടി വിലയിരുത്തൽ. മുരാരി ബാബു അടക്കമുള്ള ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തിയ പോറ്റി, സ്വർണ്ണം പൂശാൻ അപേക്ഷ കൊടുത്തത് മുതലുള്ള ഗൂഢാലോചനയിലേക്ക് വരെ വിരൽ ചൂണ്ടുന്നു. രണ്ടുകിലോയോളം സ്വർണ്ണമാണ് മോഷ്‌ടിച്ചത്. ഈ സ്വർണ്ണം കൽപേഷ് എന്ന വ്യക്തിക്ക് കൈമാറിയെന്നാണ് സ്മാർട്ട് ക്രിയേഷൻസിൻ്റെ മൊഴി. ഇടനിലക്കാരനായ വ്യക്തിയുടെ കൽപേഷ് എന്ന പേര് യഥാർത്ഥമാണോയെന്നും എസ്ഐടി പരിശോധിക്കുന്നുണ്ട്.
ശബരിമലയിൽ നിന്നും കവർന്ന സ്വർണ്ണം പ്രതികളായ ദേവസ്വം ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ണിക്കൃഷ്ണൻ പോറ്റി പങ്കിട്ടെടുത്തുവെന്ന നിഗമനത്തിലാണ് എസ്ഐടി. ഉന്നത ഗൂഡാലോചന വെളിപ്പെടുത്തുന്ന
മൊഴിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയത്. ഇയാൾ സ്വർണ്ണം കൈമാറിയ കൽപേഷിനെ ചുറ്റിപ്പറ്റിയും ദുരൂഹതകളേറെയുണ്ട്. മൂന്നാം പ്രതിയും ശബരിമല മുൻ എക്സിക്യുട്ടീവ് ഓഫീസറുമായ മുരാരി ബാബു വ്യാജരേഖയുണ്ടാക്കിയതിൽ നിർണ്ണായക പങ്ക് വഹിച്ചെന്ന് റിപ്പോർട്ടിലുണ്ട്. തന്നെ കുടുക്കിയവരും
കുടുങ്ങുമെന്നായിരുന്നു കോടതിയിൽ നിന്നിറക്കുമ്പോൾ പോറ്റി പ്രതികരിച്ചത്.
ശബരിമലയിലെ സ്വർണ്ണക്കവർച്ചാ വിവാദം കത്തിപ്പടരുന്നതിനിടെ ഇന്ന് പുലർച്ചെ 2. 40 നായിരുന്നു പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ തന്നെ വൈദ്യപരിശോധന പൂർത്തിയാക്കി. ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്ന് രാവിലെ പോറ്റിയെ റാന്നി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 2004 മുതൽ 2008 വരെ ശബരിമലയിലെ കീഴ്‌ശാന്തിയുട പരികർമ്മിയായി എത്തിയ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് സന്നിധാനത്തെ കുറിച്ച് എല്ലാ വിവരങ്ങളുമുണ്ടായിരുന്നു. 1998 ൽ ദ്വാരപാലക ശിൽപപാളികളിൽ സ്വർണ്ണം പതിപ്പിച്ചതടക്കം പോറ്റിക്ക് അറിയാം. പാളികളിലെ സ്വർണ്ണവും തെക്ക് വടക്ക് മൂലകളിലെ തകിടുകളിലെ സ്വർണ്ണവും ഗൂഢാലോചനയിലൂടെ പോറ്റി അറ്റകുറ്റപ്പണിക്കെന്ന പേരിൽ കൈക്കലാക്കി. ചെന്നൈ, ആന്ധ്രാ കർണ്ണാടക എന്നിവിടങ്ങളിൽ കൊണ്ടുപോയി പ്രദർശിപ്പിച്ചും ലാഭമുണ്ടാക്കി. രണ്ട് കിലോയിലേറെ സ്വർണ്ണം അടിച്ചുമാറ്റിയെന്നാണ് കണ്ടെത്തൽ. കൊണ്ടുപോയ പാളികളിൽ പൂശിയത് യഥാർത്ഥ സ്വർണ്ണമല്ല. പാളികളിൽ പൂശാനെന്ന പേരിൽ സ്പോൺസർമാരിൽ നിന്ന് സംഘടിപ്പിച്ച സ്വർണ്ണത്തിൽ നിന്നും പോറ്റി സ്വർണം കവർന്നു. സ്മാർട്ട് ക്രിയേഷൻസിനും ഇടപാടിൽ പങ്കുണ്ട്. സ്വർണ്ണം പൂശിയ പാളി ചെമ്പെന്ന് രേഖ ചമക്കാനുള്ള നീക്കം തുടങ്ങിയത് മുൻ എക്സിക്യുട്ടീവ് ഓഫീസറും കേസിലെ പ്രതിയുമായ മുരാരി ബാബുവാണ്. മറ്റ് പ്രതികളായ ഉദ്യോഗസ്ഥരും പോറ്റിക്ക് ഒത്താശ ചെയ്തു. ഒറ്റക്കല്ലെന്ന കവർച്ചയെന്ന് പരസ്യമായി സമ്മതിച്ചു പോറ്റി.
ലക്ഷക്കണക്കിന് തീർത്ഥാടകരുടെ വിശ്വാസത്തെ പോറ്റി വ്രണപ്പെടത്തിയെന്നാണ് റിമാൻ്റ് റിപ്പോർട്ടിൽ പറയുന്നത്. ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങിയ പോറ്റിയെ തിരുവനന്തപുരം ഈഞ്ചക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് വീണ്ടും ചോദ്യം ചെയ്ത് തുടങ്ങി. ചെന്നൈ, ഹൈദരാബാദ്, ബംഗ്ളൂരു എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ തെളിവെടുപ്പ് ഉണ്ടാകും. മുരാരി ബാബു അടക്കമുള്ള പ്രതികളെയും ഉടൻ കസ്റ്റഡിയിലെടുക്കും.



