Asianet News MalayalamAsianet News Malayalam

ഉന്നാവ്: അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി പൊലീസിന്റെ പ്രത്യേക സംഘം; പെൺകുട്ടിയുടെ നില അതീവഗുരുതരം

ഉന്നാവ് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ യുപി പൊലീസിന്റെ പ്രത്യേക സംഘം. പെൺകുട്ടിയുടെ നില അതീവഗുരുതരമായി തുടരുന്നു. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തു.

UP Police constitutes SIT to probe Unnao accident
Author
Lucknow, First Published Jul 31, 2019, 6:29 AM IST

ലഖ്‍നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക സംഘം കൂടി അന്വേഷിക്കും. റായ്ബറേലി എഎസ്‍പിക്കാണ് അന്വേഷണ ചുമതല. സംഘത്തിൽ മൂന്ന് സി ഐമാർ കൂടി ഉണ്ടാകും. സംഭവം സിബിഐ അന്വേഷിക്കണമെന്നും യുപി സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ലഖ്‍നൗ കിംഗ് ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചികിത്സാ ചെലവ് പൂർണ്ണമായും സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

സംഭവത്തില്‍ ബിജെപി എംഎല്‍എ കുൽദീപ് സിംഗ് സെംഗാറിനെതിരെ കഴിഞ്ഞ ദിവസം കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. എംഎല്‍എയ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബം പരാതിപ്പെട്ട സാഹചര്യത്തിലാണിത്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മാവന്‍ റായ്ബറേലി ജയിലില്‍ക്കഴിയുന്ന മഹേഷ് സിങ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റായ്ബറേലിയിലെ ഗുര്‍ബൂബ്ഗഞ്ച് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 

Also Read: 'ജീവന് ഭീഷണിയുണ്ട്', ഉന്നാവ് പെൺകുട്ടി ജൂലൈ 12-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി

കഴിഞ്ഞ ഞായറാഴ്ച റായ്‍ബറേലിയിൽ നടന്ന വാഹനാപകടത്തിൽ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റു. പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിക്കുകയും ചെയ്തിരുന്നു. ഇവരിലൊരാള്‍ ഉന്നാവോ കേസിലെ സാക്ഷിയാണ്. അപകടം ആസൂത്രിതമാണെന്നും പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്നും പെൺകുട്ടിയുടെ കുടുംബം ആവർത്തിക്കുന്നു. പല തവണ എംഎൽഎയുടെ കൂട്ടാളികൾ കോടതിയിൽ വച്ചും പുറത്തും ഭീഷണി മുഴക്കിയെന്നാണ് പെൺകുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചത്. ജയിലിലാണെങ്കിലും എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്‍റെ പക്കൽ ഫോണുണ്ടെന്നും എല്ലാ കാര്യങ്ങളും എംഎൽഎ നിയന്ത്രിക്കുന്നത് ഫോൺ വഴിയാണെന്നും പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നു. 

Also Read: മഹേന്ദ്ര സിങ്ങ്: അറിഞ്ഞുകൊണ്ട് മരണപ്പോരാട്ടത്തിനിറങ്ങിയ ഉന്നാവിലെ ധീരനായ അഭിഭാഷകൻ

2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ ബലാത്സംഗം ചെയ്തെന്നാണ് സിബിഐയുടെ കണ്ടത്തൽ. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios