പെറ്റമ്മ കുഞ്ഞിനെ തിരഞ്ഞ് നടക്കുമ്പോൾ, കുഞ്ഞിനെ ആന്ധ്രയ്ക്ക് കടത്തി. പങ്കുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം ആയുധമാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കൊല്ലം: ദത്ത് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (V D Satheesan). നടന്നത് ഗുരുതര ഗൂഡാലോചനയെന്ന് വി ഡി സതീശൻ വിമര്‍ശിച്ചു. തുടക്കം മുതൽ സിപിഎം നടത്തിയത് നിയമ വിരുദ്ധ നടപടികളാണ്. കുഞ്ഞിനെ കടത്താൻ പാർട്ടി നേതാക്കൾ അറിഞ്ഞു കൊണ്ട് തന്നെ ഗൂഢാലോചന നടന്നെന്നും വി ഡി സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും ഗൂഡാലോചനയിൽ പങ്കുണ്ട്. പെറ്റമ്മ കുഞ്ഞിനെ തിരഞ്ഞ് നടക്കുമ്പോൾ, കുഞ്ഞിനെ ആന്ധ്രയ്ക്ക് കടത്തി. പങ്കുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി മൗനം ആയുധമാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന് പങ്കുള്ള വിഷയങ്ങളിൽ അദ്ദേഹം മൗനം പാലിക്കുന്നു. പാർട്ടി കോടതി, പാർട്ടി പൊലീസ് സ്റ്റേഷൻ എന്ന ലൈനാണ്: മുല്ലപ്പെരിയാർ വിഷയത്തിലും ഇത് കണ്ടതാണ്. ഇത് വെള്ളരിക്ക പട്ടണമാണോ എന്ന് വി ഡി സതീശന്‍ ചോദിച്ചു.

ആലുവ സംഭവത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ സിപിഎമ്മിന് താൽപര്യമുള്ള ആളാണ്. സ്ത്രീ സുരക്ഷയിലെ സർക്കാർ നിലപാട് എന്തെന്ന് തെളിയിക്കുന്ന സംഭവമാണ് ആലുവയില്‍ നടന്നത്. സ്ത്രീകളുടെ ആത്മഹത്യയെ പ്രോൽസാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാറിനുള്ളതെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. കണ്ണൂർ സര്‍വകലാശാലയില്‍ യൂണി. ചട്ടങ്ങൾ ലംഘിച്ചാണ് നിയമനം നടക്കുന്നതെന്നും അദ്ദേശം കുറ്റപ്പെടുത്തി. കെ പി എ സി ലളിത കേരളത്തിന് അഭിമാനമായ കലാകാരിയാണ്. അവരെ സർക്കാർ സഹായിച്ചതിൽ ഒരു തെറ്റുമില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.