Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ സ്കോളർഷിപ്പ്: യുഡിഎഫില്‍ അല്ല എല്‍ഡിഎഫിലാണ് ഭിന്നതയെന്ന് പ്രതിപക്ഷ നേതാവ്

കോൺഗ്രസും ലീഗും തമ്മിൽ ഭിന്നത ഇല്ലെന്ന് സതീശന്‍ വിശദീകരിച്ചു. ലീഗിന്‍റെ പരാതി തീർക്കണം എന്നാണ് കോൺഗ്രസ്‌ നിലപാടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

 

v d satheesan on minority scholarship controversy after muslim league criticism
Author
Thiruvananthapuram, First Published Jul 17, 2021, 6:02 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫില്‍ ഭിന്നത ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചില മാധ്യമങ്ങള്‍ തന്‍റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു. കോൺഗ്രസും ലീഗും തമ്മിൽ ഭിന്നത ഇല്ലെന്ന് സതീശന്‍ വിശദീകരിച്ചു. എല്‍ഡിഎഫിലാണ് ഭിന്നത ഉള്ളത്. ലീഗിന്‍റെ പരാതി തീർക്കണം എന്നാണ് കോൺഗ്രസ്‌ നിലപാടെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടരണമെന്ന ഫോര്‍മുലയാണ് യുഡിഎഫ് നിർദ്ദേശിച്ചത്. മുസ്ലീം സമുദായത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനു വേണ്ടിയുള്ള പ്രത്യേക സ്‌കീം ആയിരുന്നു സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവട്ടത്. ഇത് നിലനിര്‍ത്തി മറ്റൊരു സ്‌കീം ഉണ്ടാക്കി മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നാണ് യുഡിഎഫ് ഫോര്‍മുലയിലെ ആവശ്യം. നേരത്തെയുണ്ടായിരുന്ന സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മുസ്ലീംകള്‍ക്കുള്ള പ്രത്യേക സ്‌കീം സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണ്. ഈ പരാതിയാണ് ലീഗും ഉന്നയിക്കുന്നത്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടത്.

നിലവിലെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിലൂടെ യുഡിഎഫ് മുന്നോട്ട് വച്ച ഫോര്‍മുല ഭാഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ മുസ്ലീംകള്‍ക്കു വേണ്ടിയുള്ള പ്രത്യേക സ്‌കീം നിലനിര്‍ത്തണമെന്ന ആവശ്യം അംഗീകരിച്ചിട്ടില്ല. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. വിഷയത്തിൽ കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ ഒരു ഭിന്നതയുമില്ല. ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. യുഡിഎഫിനും ഒരേ നിലപാടാണ്. എൽഡിഎഫിലാണ് ഇക്കാര്യത്തിൽ ഭിന്നതയുള്ളത്. കാസർകോടും കോട്ടയത്തും വച്ച് മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ഒരേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. അഭിപ്രായം മാറ്റേണ്ട ആവശ്യവുമില്ല. മയപ്പെടുത്തേണ്ട കാര്യവുമില്ല. എന്നാല്‍ വസ്തുത മനസിലാക്കാതെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വി ഡി സതീശന്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios