'സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം'; രഞ്ജിത്തും സജി ചെറിയാനും സ്ഥാനമൊഴിയണമെന്ന് വി ഡി സതീശന്‍
സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സജി ചെറിയാന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും സതീശന്‍ വിമര്‍ശിച്ചു. സജി ചെറിയാന്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കാന്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ വേട്ടക്കാരനൊപ്പമാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ അന്വേഷിച്ച് കുറ്റക്കാരെ പുറത്തുകൊണ്ടുവരണമെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തി കോൺക്ലേവ് നടത്തുന്ന നാടകം കേരളത്തിൽ വേണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.
ആരോപണം വന്ന സാഹചര്യത്തിൽ രഞ്ജിത്ത് സ്ഥാനം ഒഴിയുമെന്നാണ് കരുതുന്നതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലാതിരുന്നിട്ടും പിണറായി സർക്കാർ സിബിഐ അന്വേഷണത്തിന് വിട്ടു. ഉമ്മൻചാണ്ടിയെ വേട്ടയാടുകയായിരുന്നു എന്ന് സജി ചെറിയാന്റെ കുറ്റസമ്മതമായി കാണണം. നിയമപരമായ ഉത്തരവാദിത്വം മറന്നുകൊണ്ട് കേസെടുക്കില്ല എന്ന് പറയുന്ന സജി ചെറിയാൻ സ്ഥാനം ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ഉയര്‍ന്ന അവസരത്തിൽ രഞ്ജിത്ത് ഈ സ്ഥാനത്തുനിന്ന് ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യർത്ഥിക്കാനുള്ളതെന്നും ഒഴിയും എന്ന് തന്നെയാണ് കരുതുന്നതെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.