ഇ പിജയരാജന്‍, ആന്‍റണി രാജു, എം എം മണി എന്നിവരെ കൊണ്ട് അതിജീവിതയ്ക്ക് എതിരെ സര്‍ക്കാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി അവരെ വീണ്ടും അപമാനിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ (V D Satheesan). കേസില്‍ രാഷ്ട്രീയം കലര്‍ത്തില്ലെന്നും പ്രതിപക്ഷത്തിന് കേസ് തെരഞ്ഞെടുപ്പ് ആയുധമല്ലെന്നും സതീശന്‍ പറഞ്ഞു. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്നായിരുന്നു വിശ്വാസം. എന്നാല്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റുകയും കോടതിയില്‍ പറഞ്ഞ പലകാര്യങ്ങളില്‍ നിന്നും പ്രോസിക്യൂഷന്‍ പിന്‍വാങ്ങുകയും ചെയ്തു. ധൃതിപിടിച്ച് കേസ് അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കാനുള്ള ശ്രമം തുടങ്ങി. അപ്പഴും ഞങ്ങള്‍ പ്രതികരിച്ചില്ല. അതിജീവിത കോടതിയില്‍ പോയി സര്‍ക്കാരിനെതിരെ ഗുരതുരമായ ആരോപണം ഉന്നയിച്ചപ്പോഴാണ് അതിനെക്കുറിച്ച് അന്വേഷിക്കണം എന്ന് ഞങ്ങളാവശ്യപ്പെട്ടത്. ഇ പിജയരാജന്‍, ആന്‍റണി രാജു, എം എം മണി എന്നിവരെ കൊണ്ട് അതിജീവിതയ്ക്ക് എതിരെ സര്‍ക്കാര്‍ ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തി അവരെ വീണ്ടും അപമാനിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി.

നടിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് സമയം നീട്ടി നല്‍കാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടി നൽകാൻ ആകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ വ്യക്തമാക്കി. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് സമയപരിധി നിശ്ചയിച്ചത്, അതിനാൽ ഈ ബഞ്ചിന് ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മെയ് 30 നാണ് അന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. നടിക്ക് നീതി വേണമെന്നാണ് എല്ലാഘട്ടത്തിലും നിലപാടെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ വ്യക്തമാക്കി. അതിജീവിതയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇതുവരെ കേസ് നടത്തിയത് എന്ന് ഡിജിപി പറഞ്ഞു. ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വെച്ചത്. അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് പ്രഗൽഭനായ പ്രോസിക്യൂട്ടറെ വെക്കണം എന്ന് ആവശ്യപ്പെട്ടുവെന്നും ഡിജിപി അറിയിച്ചു. വെള്ളിയാഴ്ച ക്കുള്ളിൽ സ്റ്റേറ്റ്മെന്‍റ് ഫയല്‍ ചെയ്യാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. അന്ന് ആവശ്യം എങ്കിൽ ട്രയല്‍ കോടതിയിൽ നിന്ന് റിപ്പോർട്ട് വിളിപ്പിക്കും എന്ന് കോടതി വ്യക്തമാക്കി.