തെറ്റ് കാണിച്ചാൽ കർശന നടപടി എടുക്കും. തെറ്റിനെ തെറ്റായി കണ്ട് തന്നെ പരിശോധിച്ച് നടപടി എടുക്കുമെന്ന് വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് സമ്മതിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്. വർഗ ബഹുജന സംഘടനയിൽ അംഗമാവുക എളുപ്പമാണ്. അവർ തെറ്റ് ചെയ്യുമ്പോൾ നടപടി എടുത്ത് തിരുത്തിക്കുക എന്നതാണ് രീതി. തെറ്റ് കാണിച്ചാൽ കർശന നടപടി എടുക്കും. തെറ്റിനെ തെറ്റായി കണ്ട് തന്നെ പരിശോധിച്ച് നടപടി എടുക്കുമെന്ന് വി ജോയ് മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടി അച്ചടക്കം നിർബന്ധമായി തുടരുമെന്നും വി ജോയ് കൂട്ടിച്ചേര്‍ത്തു. എസ്എഫ്ഐ ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. അതാണ് നടപടി എടുക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
വർക്കല എംഎൽഎയായ വി ജോയിയെ ഇന്നലെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയുടെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിക്കപ്പെട്ടത്. പല മുതിർന്ന നേതാക്കളുടേയും പേരുകൾ സെക്രട്ടറി സ്ഥാനത്തേക്ക് വന്നതോടെ സമവായം എന്ന നിലയിലാണ് വി.ജോയിക്ക് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വഴി തുറന്നത്. നിർണായക യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്തിരുന്നു.
കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിലവിലെ ജില്ലാ സെക്രട്ടറിയായ ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സിപിഎമ്മിലെ രീതി അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ ജില്ലാ സെക്രട്ടറി പദവി കൈകാര്യം ചെയ്യാറില്ല. എന്നാൽ സംസ്ഥാന സമ്മേളനം കഴിഞ്ഞ് പത്ത് മാസത്തോളമായിട്ടും ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നു. തിരുവനന്തപുരം സിപിഎമ്മിനുള്ളിൽ നിലനിൽക്കുന്ന ഉൾപ്പോരായിരുന്നു ആനാവൂരിന് പകരക്കാരനെ കണ്ടെത്തുന്നതിൽ ഏറ്റവും വലിയ വെല്ലുവിളി.
