ആന്‍റണി - കരുണാകരന്‍ കാലത്തെ ഗ്രൂപ്പ് വിനാശകരമല്ലായിരുന്നെന്നും സുധീരന്‍ പറഞ്ഞു. പിൽക്കാലത്ത് അത് ഗ്രൂപ്പ് തീവ്രവാദമായി മാറി. തെരഞ്ഞെടുപ്പിൽ പോലും കഴിവുള്ളവർ ഗ്രൂപ്പിസം കാരണം പിന്തള്ളപ്പെട്ടെന്നും സുധീരന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ ​ഗ്രൂപ്പുകള്‍ക്ക് എതിരെ വിമര്‍ശനവുമായി വി എം സുധീരന്‍. പ്രവർത്തകർ ഒറ്റക്കെട്ടായി ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞെന്നും ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് സതീശൻ്റെ നിയമനമെന്നും സുധീരന്‍ പറഞ്ഞു. 

ആന്‍റണി-കരുണാകരന്‍ കാലത്തെ ഗ്രൂപ്പ് വിനാശകരമല്ലായിരുന്നു. പിൽക്കാലത്ത് അത് ഗ്രൂപ്പ് തീവ്രവാദമായി മാറി. തെരഞ്ഞെടുപ്പിൽ പോലും കഴിവുള്ളവർ ഗ്രൂപ്പിസം കാരണം പിന്തള്ളപ്പെട്ടു. ഗ്രൂപ്പ് മാനേജർമാരുടെ താൽപര്യം മാത്രമായിരുന്നു ഘടകം. പാർട്ടിയിൽ അടി മുതൽ മുടി വരെ മാറ്റം വരണം. എന്നാല്‍ ആരെയും ഉപദ്രവിച്ചുകൊണ്ടാവരുത് മാറ്റമെന്നും സുധീരന്‍ പറഞ്ഞു.

ഗ്രൂപ്പ് തീവ്രവാദത്തിൻ്റെ പരിണിത ഫലമാണ് കോൺഗ്രസിന് അനുഭവിക്കേണ്ടി വന്നത്. തൻ്റെ സമയത്ത് നിർണായക ഘട്ടങ്ങളിൽ ഗ്രൂപ്പ് നേതാക്കളെ മറികടക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറായില്ല. പലപ്പോഴും സഹകരണം ലഭിക്കാതിരുന്നതോടെയാണ് അന്ന് ഒഴിഞ്ഞതെന്നും സുധീരന്‍ പറഞ്ഞു. 

എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona