ബനാറസ് സർവകലാശാലയിലെ സുവോളജി പ്രൊഫസർ ആയിരുന്നു ഗോൾവാൾക്കറെന്നും എന്ത് അയോഗ്യതയാണ് ഗോൾവാൾക്കർക്കുള്ളതെന്നുമാണ് ബിജെപിയുടെ കേന്ദ്ര സഹമന്ത്രി ചോദിക്കുന്നത്.

തിരുവനന്തപുരം: രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോ ടെക്നോളജി ക്യാംപസിന് ഗോൾവാൾക്കറുടെ പേരിട്ടതിനെ ചൊല്ലിയുളള വിവാദം കനക്കുന്നു. പേരിടലിനെ ശക്തമായി ന്യായീകരിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. നെഹ്റു ട്രോഫി വള്ളംകളിക്ക് ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേര് നൽകിയത് നെഹ്റു ഏത് കായിക വിനോദത്തിൽ പങ്കെടുത്തിട്ടാണെന്നായിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ്റെ ചോദ്യം. ഇന്ദിര ഗാന്ധിയുടെ പേര് നിരവിധി സ്ഥാപനങ്ങൾക്കുണ്ടെന്നും മുരളീധരൻ ന്യായീകരണത്തിനായി ചൂണ്ടിക്കാട്ടി. 

ബനാറസ് സർവകലാശാലയിലെ സുവോളജി പ്രൊഫസർ ആയിരുന്നു ഗോൾവാൾക്കറെന്നും എന്ത് അയോഗ്യതയാണ് ഗോൾവാൾക്കർക്കുള്ളതെന്നുമാണ് ബിജെപിയുടെ കേന്ദ്ര സഹമന്ത്രി ചോദിക്കുന്നത്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ കിടന്നയാളുകളാണ് കമ്മ്യൂണിസ്റ്റ് നേതാക്കളെന്നും അവരുടെയൊക്കെ പേരിൽ കേരളത്തിൽ പല സ്ഥാപനങ്ങളുമുണ്ടെന്നും പറഞ്ഞ മുരളീധരൻ രാജ്യസ്നേഹിയായ ഒരാളുടെ പേരിട്ടാൽ എന്താണ് കുഴപ്പമെന്നാണ് ചോദിക്കുന്നത്. 

ആർജിസിബിയുടെ ഗവേണിംഗ് ബോഡിയാണ് പേര് തീരുമാനിച്ചതെന്ന് മുരളീധരൻ ആവർത്തിച്ചു. വിഷയത്തിലുള്ള പ്രതിഷേധം ബിജെപി നേതൃത്വം തള്ളിക്കളയുകയാണ്. 

ആർജിസിബിയുടെ പുതിയ ക്യാംപസിന് ആർഎസ്എസ് നേതാവ് ഗോൾവാൾക്കറുടെ പേരിടുന്നതിനെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഒരു വശത്ത് തീരുമാനത്തിനെതിരായ പ്രതിഷേധം കനക്കുമ്പോഴാണ് മറുവശത്ത് ബിജെപി പ്രതിരോധം കടുപ്പിക്കുന്നത്. 

തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘടത്തിൽ ഗോൾവൾക്കർ വിവാദം ബിജെപിക്കെതിരെ ആയുധമാക്കുകയാണ് എതിരാളികൾ. സംസ്ഥാനത്തെ നവോത്ഥാന നേതാക്കളുടെ പേര് ഒഴിവാക്കി ആർഎസ്എസ് നേതാവിന്റെ പേര് നൽകിയത് ജനം ചർച്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെടുന്നു. സംസ്ഥാനം പ്രതിഷേധമറിയിച്ചെങ്കിലും ഇക്കാര്യത്തിൽ കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.