ദില്ലി: കേരളത്തിലെ കൊവിഡ് പ്രതിരോധത്തിൽ വീഴ്ചയുണ്ടെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന ഗൗരവമുള്ളതാണെന്ന് കേന്ദ്രമന്ത്രി മുരളീധരൻ . കൊവിഡ് പരിശോധനകളിലും പ്രതിരോധ മാനദണ്ഡങ്ങളിലും കേരളത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. വീടുകളിൽ നിരീക്ഷണം പൂർണ്ണ പരാജയമാണ്. 

കൊവിഡിനെ പ്രചാരവേലക്കായി ഉപയോഗിക്കുകയാണ് കേരളാ സര്‍ക്കാര്‍ ചെയ്തതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. രോഗം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ പിടിച്ച് കെട്ടിയതായുള്ള സർക്കാരിന്‍റെ അവകാശവാദം രോഗം അവസാനിച്ചു എന്ന പ്രതീതി ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്‍റീൻ വേണമെന്ന  കേന്ദ്രം നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര് തള്ളിക്കളഞ്ഞു, സ്വകാര്യ മേഖലയെ കൊവിഡ് ചികിത്സയിലേക്ക് കൊണ്ടുവരാൻ വൈകി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയെ പുഴുവരിച്ചതിന് കാരണം ജീവനക്കാരല്ല സര്‍ക്കാരാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. 

കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ കേരളത്തിനെതിരായ വിമര്‍ശനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ പ്രതികരിച്ച സാമൂഹിക സുരക്ഷ മിഷൻ ഡയറക്ടറിനെതിരെയും വി മുരളീധരൻ രംഗത്തെത്തി. കേരളത്തിന്‍റെ നേട്ടം ഇടത് സർക്കാരിന്‍റെ നേട്ടമായി അവതരിപ്പിക്കുകയാണ്. 

മഹാമാരിക്ക് എതിരെയുള്ള പോരാട്ടം മാരത്തൺ ആണ്. സ്പ്രിറ്റ് ഓടി അത് മറിക്കടക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും വി മുരളീധരൻ പരിഹസിച്ചു 

തുടര്‍ന്ന് വായിക്കാം:  മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനത്തെ മാത്രമായി കുറ്റപ്പെടുത്തിയതല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം...