Asianet News MalayalamAsianet News Malayalam

രാജമല ദുരന്തം: രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്റർ നിയോഗിച്ചുവെന്ന് വി മുരളീധരൻ

ദുരന്ത ഭൂമിയില്‍ നിന്ന് 17 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് മരിച്ചത്. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. 

V Muraleedharan on rajamala rescue and relief operations
Author
Delhi, First Published Aug 7, 2020, 8:08 PM IST

ദില്ലി: രാജമലയിലെ രക്ഷാപ്രവർത്തനത്തിനായി രണ്ട് ഹെലികോപ്റ്റർ നിയോഗിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ആഭ്യന്തര പ്രതിരോധ വകുപ്പുകളുടെ സഹായം തേടിയിട്ടുണ്ടെന്നും വി മുരളീധരൻ അറിയിച്ചു. ദുരന്ത ഭൂമിയില്‍ നിന്ന് 17 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. അഞ്ച് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പടെയുള്ളവരാണ് മരിച്ചത്. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍, 15 പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ സഹായധനം നല്‍കും എന്നും മുഖ്യമന്ത്രി പറഞ്ഞു. ഹെലികോപ്‍റ്റര്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഹെലികോപ്റ്ററിന് പറക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നെന്നും  അടിയന്തര സഹായങ്ങള്‍ സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു. പ്രാധാനമന്ത്രി നരേന്ദ്രമോദിയും ദുരിത ബാധിതർക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിത ബാധിതർക്കൊപ്പമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. 

Also Read: രാജമല ദുരന്തത്തിൽപ്പെട്ടവരില്‍ അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയവരും; പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി

അതേസമയം, രക്ഷാപ്രവർത്തനം സുഗമമാക്കാൻ ബിഎസ്എൻഎൽ സംഘം വാർത്താ വിനിമയ സംവിധാനം പുനസ്ഥാപിച്ചു. ആകെ ഉണ്ടായിരുന്ന ബിഎസ്എൻഎൽ ടവർ കേടായതോടെ ഉപഗ്രഹം വഴി മൊബൈൽ റേഞ്ച് എത്തിക്കുകയായിരുന്നു. ബിഎസ്എൻഎൽ ജീവനക്കാർ തന്നെയാണ് മൂന്നാർ, രാജമല ഫാക്ടറി, പെട്ടിമുടി, എന്നിവിടങ്ങളിലെ വാർത്താ വിനിമയ സംവിധാനം പുനസ്ഥാപിക്കാൻ മുന്നിട്ടിറങ്ങിയത് .

Follow Us:
Download App:
  • android
  • ios