എംപിമാര്‍ മാര്‍ഷല്‍മാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്‍റേതെന്നും മുരളീധരന്‍ 

ദില്ലി: പാര്‍ലമെന്‍റിലെ ഇരുസഭകളിലുമുണ്ടായ കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോക്സഭയെ യുദ്ധക്കളമാക്കാൻ കോൺഗ്രസ് ശ്രമിച്ചെന്നായിരുന്നു മന്ത്രിയുടെ ആക്ഷേപം. പ്ലക്കാര്‍ഡുകളും ബാനറുകളുമായി നേതാക്കള്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത് ചട്ടം ലഘിച്ചാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. വനിതാ അംഗത്തെ കയ്യേറ്റം ചെയ്‍തുവെന്നത് വ്യാജ പ്രചാരണമാണ്. എംപിമാര്‍ മാര്‍ഷല്‍മാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ മാപ്പുപറയണം. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിന്‍റേതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര സംഭവ വികാസങ്ങളില്‍ രാവിലെ മുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്സഭയിലും രാജ്യസഭയിലും ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

കേരളത്തില്‍ നിന്നുള്ള എംപിമാരായ ഹൈബി ഈഡനും ടി എന്‍ പ്രതാപനും ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനറുകള്‍ ലോക്സഭയില്‍ ഉയര്‍ത്തി പ്രതിഷേധിച്ചു. ഇവരെ സഭാ നടപടികളില്‍ നിന്നും സ്പീക്കര്‍ മാറ്റിനിര്‍ത്തി. രാവിലെ തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മഹാരാഷ്ട്രാ വിഷയം പാര്‍ലമെന്‍റില്‍ ശക്തമായി ഉന്നയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്‍റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്സ് എംപിമാര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് ഇരുസഭകളിലും സഭാ നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രതിഷേധം തുടങ്ങുകയായിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലോക് സഭയില്‍ ആരോപിച്ചു. തുടര്‍ന്ന് ബഹളത്തെത്തുടര്‍ന്ന് ഇരുസഭകളും പിരിയുകയായിരുന്നു.