എറണാകുളം: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെനാ ഇംപാറോയിൽ ഉള്ള ഇന്ത്യക്കാരെ മോചിപ്പിക്കാനായി ചർച്ച തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കപ്പലിൽനിന്ന് മോചിതരായ ഇന്ത്യക്കാരെ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

ഔപചാരികമായി ജിബ്രാള്‍ട്ടര്‍ അധികൃതർ പിടിച്ചെടുത്തിട്ടുള്ള കപ്പലിലെ ജീവനക്കാർക്കെതിരായിട്ടുള്ള എല്ലാ കുറ്റങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ജീവനക്കാർ ഇപ്പോൾ സ്വതന്ത്രരാണെന്നും അധികൃതർ വ്യക്തമാക്കി. ജീവനക്കാർക്ക് ഏത് സമയത്തും തിരിച്ചുവരാമെന്നും അതിനുള്ള നടപടി ക്രമങ്ങൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നും മുരളീധരൻ പറഞ്ഞു.

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ഈ മാസം 4നാണ് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വെക്കാനും ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതിന് പ്രതികാരമെന്ന നിലയിലാണ് കഴിഞ്ഞ വെള്ളിയാഴ്ച ബ്രിട്ടന്‍റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന്‍ പിടിച്ചെടുത്തത്. ഇരുകപ്പലുകളിലുമായി 42 ഇന്ത്യക്കാരാണ് ഉള്ളത്. ഇവരില്‍ ഏഴ് പേര്‍ മലയാളികളാണ്.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഗ്രേസ്-1ല്‍ മൂന്നു മലയാളികളാണുള്ളത്. മലപ്പുറം, കാസര്‍കോട്, ഗുരുവായൂര്‍ സ്വദേശികളാണ് ഇവര്‍. ഇറാന്‍ പിടിച്ചെടുത്ത സ്റ്റെനാ ഇംപറോയിലെ ജീവനക്കാരില്‍ നാല് പേര്‍ മലയാളികളാണ്.