തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജില്‍ വച്ച് കുത്തേറ്റ അഖിലിന്‍റെ മാതാപിതാക്കളെ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വിപി സാനു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കുടുംബം പൂര്‍ണ പിന്തുണ അറിയിച്ചെന്നും വിഷയത്തില്‍ എസ്എഫ്‌ഐ സ്വീകരിച്ച നടപടികളില്‍ അഖിലിന്‍റെ കുടുംബം തൃപ്തി രേഖപ്പെടുത്തിയെന്നും സാനു പറഞ്ഞു.

യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ കത്തിക്കുത്തിന്  പിന്നാലെ എസ്എഫ്ഐക്കെതിരെ രൂക്ഷവിമര്‍ശനമാണ് സാനു ഉയര്‍ത്തിയത്. തെറ്റുകളെ ഒരിക്കലും ന്യായീകരിക്കില്ല, കുറ്റവാളികളെ സംരക്ഷിക്കില്ല, തളർച്ചയല്ല, തിരുത്തലാണ് വേണ്ടതെന്നായിരുന്നു വി പി സാനുവിന്‍റെ ആദ്യ പ്രതികരണം. പിന്നീട് യൂണിവേഴ്‍സിറ്റി കോളേജിലെ മുൻ എസ്എഫ്ഐ യൂണിറ്റല്ല യഥാര്‍ത്ഥ എസ്എഫ്ഐ എന്നും  മുൻ ഭാരവാഹികൾ യഥാർത്ഥ എസ്എഫ്ഐക്കാർ അല്ലാത്തത് കൊണ്ടാണ് വിദ്യാർത്ഥികൾക്ക് സമരവുമായി രംഗത്തിറങ്ങേണ്ടി വന്നതെന്നും വി പി സാനു പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിന്‍റെയും വധശ്രമക്കേസിന്‍റെയും സാഹചര്യത്തിൽ യൂണിവേഴ്‍സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സംഘടനാ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടിരുന്നു. കത്തിക്കുത്ത് കേസിലെ പ്രതികള്‍ ഭാരഹാവികളായ പഴയ കമ്മിറ്റിക്ക് പകരം അഡ്ഹോക് കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.  കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന  അഖിലിനേയും 25 അംഗ കമ്മിറ്റിയില്‍ എസ്എഫ്ഐ ഉള്‍പ്പെടുത്തിയിട്ടുണ്ട്.