കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ട് ബി വിദ്യാർത്ഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.

രണ്ടാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോഴിക്കോട് ജില്ലയിലെ വടകര മേപ്പയിൽ ഈസ്റ്റ് എസ് ബി സ്കൂളിലെ രണ്ട് ബി വിദ്യാർത്ഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ”- എന്നായിരുന്നു ഇഷാൻ ഡയറിയിൽ കുറിച്ചത്. നിരവധിപ്പേർ കുറിപ്പ് പങ്കുവെച്ചു. 

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗം​ഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തെരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യൽ സംഘത്തിലുളളത്. കരയിൽ നിന്നും 40 മീറ്റർ അകലെയാണ് 15 മീറ്റർ താഴ്ചയിലാണ് ട്രക്ക് കണ്ടെത്തിയത്. ഈ ഭാഗത്തുളള മണ്ണ് മാറ്റൽ മറ്റൊരു സംഘം നടത്തുന്നുണ്ടായിരുന്നു. എന്നാൽ മഴ ശക്തമായതിനാൽ വീണ്ടും മണ്ണിടിച്ചിലുണ്ടായേക്കുമോ എന്ന ഭീതിയിൽ ഇന്നത്തെ തെരച്ചിൽ നിർത്തിവെച്ചു. ശാസ്ത്രീയമായ പരിശോധനയിലൂടെ ട്രക്ക് കണ്ടെത്തിയതിന് ശേഷമാണ് നാവിക സേനയുടെ സ്കൂബാ ഡൈവേഴ്സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോയത്. എത്ര മണിക്കൂറെടുത്താകും ട്രക്ക് പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോൾ വ്യക്തതയില്ല.

'ഒറ്റക്ക് പോകുന്നതാ നല്ലത്, എനിക്കെന്നെ മാത്രം ശ്രദ്ധിച്ചാൽ മതിയല്ലോ...'; അർജുൻ്റെ വാക്കുകളോർത്ത് ഉറ്റസുഹൃത്ത്