തിരുവനന്തപുരം: തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു മുൻ മുഖ്യമന്ത്രി വി. എസ്​ അച്യുതാനന്ദ​ന്റെ ഇത്തവണത്തെ 'ഓണാഘോഷം'. കൊവിഡ്​ കാലമായതിനാൽ പുന്നപ്രയിലെ വസതിയിലേക്ക്​ പോയില്ല. കുടുംബത്തോടൊപ്പമുള്ള വിഎസിന്റെ ചിത്രം മകൻ വി.എ അരുൺകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവച്ചു. 

ഇത്തവണത്തെ ഓണവും വിഎസിന്റെ പത്​നിയുടെ പിറന്നാളും ഒരിമിച്ചായിരുന്നുവെന്നും അരുൺ കുറിക്കുന്നു. "വീട്ടിനുള്ളിലെ ഓണം..ഒപ്പം അമ്മയുടെ പിറന്നാളും..😍 ഇത്തവണ ഓണം തിരുവനന്തപുരത്ത്‌.. പുന്നപ്രയിലെ പതിവ്‌ തെറ്റി.. കൊറോണ സൃഷ്ടിച്ച അകലം ദീർഘം..", അരുൺ ഫേസ്ബുക്കിൽ കുറിച്ചു. നിരവധി പേരാണ് പ്രിയ നേതാവിനും കുടുംബത്തിനും ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

തിരുവോണദിനത്തിൽ മലയാളികൾക്ക് വിഎസ് അച്യുതാനന്ദൻ ആശംസകൾ അറിയിച്ചിരുന്നു. അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പത്തിനും ഐക്യത്തിനും പ്രാധാന്യം ഏറെയാണെന്ന് വിഎസ് ഓർമിപ്പിക്കുകയും ചെയ്തിരുന്നു.