സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വിഎസ്സിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ (CPM Conference) ഇക്കുറി വിഎസ് അച്യുതാനന്ദന്‍ (VS Achuthanandan) പങ്കെടുക്കാത്തതില്‍ കുറിപ്പുമായി മകന്‍ വി എ അരുണ്‍കുമാര്‍ (VA Arunkumar). ഫേസ്ബുക്കിലാണ് അരുണ്‍കുമാര്‍ വൈകാരിക കുറിപ്പെഴുതിയത്. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനമാണ് ഇത്തവണത്തേതെന്ന് അരുണ്‍കുമാര്‍ എഴുതി. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ വിഎസ്സിന് യാത്ര സാധ്യമല്ലാതെയായെന്ന് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സിപിഎമ്മിന്റെ സമ്മുന്നതനായ നേതാവ് വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്ത ആദ്യത്തെ സംസ്ഥാന സമ്മേളനമാണ് നടക്കുന്നത്. മുന്‍കാല സമ്മേളനങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ നേതാവായിരുന്നു വിഎസ്. മലപ്പുറം, ആലപ്പുഴ സമ്മേളനങ്ങള്‍ വിഖ്യാതമാണ്. ആലപ്പുഴ സമ്മേളനത്തിനിടെ വിഎസ് ഇറങ്ങിപ്പോന്നത് വന്‍ ചര്‍ച്ചയും വിവാദവുമായിരുന്നു. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസ് പങ്കെടുക്കാത്ത ആദ്യത്തെ സമ്മേനവുമാണ് എറണാകുളത്ത് നടക്കുന്നത്.

വി എ അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സമ്മേളനങ്ങള്‍! സന്തോഷവും ആവേശവുമായിരുന്നു. അച്ഛന് പങ്കെടുക്കാന്‍ സാധിക്കാത്ത ആദ്യത്തെ സമ്മേളനം ആയിരിക്കുന്നു ഇത്തവണത്തേത്. സ്ട്രോക്കുണ്ടാക്കിയ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കോവിഡിന്റെ കഠിനമായ വിഷമതകള്‍ കൂടിയായപ്പോള്‍ യാത്ര സാധ്യമല്ലാതെയായി. വിവരങ്ങള്‍ കണ്ടും കേട്ടും ശ്രദ്ധിച്ചിരിക്കുന്നു.