Asianet News MalayalamAsianet News Malayalam

കേരളത്തിൽ മികച്ച രീതിയിൽ വാക്സീൻ വിതരണം നടക്കുന്നു; ദേശീയ ശരാശരിയെക്കാൾ മുന്നിലെന്നും മുഖ്യമന്ത്രി

 സംസ്ഥാനത്ത് മികച്ച രീതിയിൽ കൊവിഡ് വാക്സിനേഷൻ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

Vaccine distribution in Kerala is excellent CM pinarayi vijayan says campaigns to the contrary are wrong
Author
Kerala, First Published Jul 23, 2021, 7:43 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച രീതിയിൽ കൊവിഡ് വാക്സിനേഷൻ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണ്. ദേശീയ ശരാശരിയേക്കാൾ മുന്നിലാണ് കേരളം. ചിലർ കേരളത്തിൽ പത്ത് ലക്ഷം വാക്സീൻ ബാക്കിയുണ്ടെന്ന് വാർത്ത  കൊടുക്കുന്നുണ്ട്. എന്നാൽ രണ്ട് ദിവസത്തേക്കുള്ള വാക്സീൻ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാക്സീൻ വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം

ഇന്ത്യയിലെ 130 കോടി ജനത്തിൽ 33.13 കോടി പേർക്ക് ഒന്നാം ഡോസും 8.51 കോടി പേർക്ക് രണ്ടാം ഡോസുമാണ് ഇതുവരെ നൽകിയത്. സംസ്ഥാനത്തെ ആരോഗ്യപ്രവർത്തകരിൽ  ഒന്നാം ഡോസ് 100 ശതമാനം പേരും  82 ശതമാനം പേർ രണ്ടാം ഡോസും എടുത്തു.12 ആഴ്ചയുടെ കാലാവധിയാണ് രണ്ടാം ഡോസ് എടുക്കുന്നതിനുള്ളത്. മുന്നണി പോരാളികളിൽ 100 ശതമാനത്തിനടുത്ത് പേരും ഒന്നാം ഡോസ് സ്വീകരിച്ചു. 81 ശതമാനം പേർ രണ്ടാം ഡോസും എടുത്തു. 18 നും 44 നും ഇടയിൽ പ്രായമുള്ള 18 ശതമാനം പേർക്ക് ഒന്നാം ഡോസ് ലഭിച്ചു.

2021 ജനുവരി 16 മുതല്‍ സംസ്ഥാനം മികച്ച രീതിയില്‍ കോവിഡ് വാക്സിന്‍ വിതരണം നടത്തി വരികയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് വാക്സിനേഷന്‍ നടത്തുന്നത്. ഇതുവരെ 1.77 കോടിയിലധികം ഡോസ് കോവിഡ് വാക്സിന്‍ നല്‍കി. ഒന്നാം ഘട്ടം മുതല്‍ വാക്സിന്‍ വിതരണത്തില്‍ സ്വകാര്യ വാക്സിനേഷന്‍ സെന്‍ററുകള്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 

പ്രാരംഭ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ വാക്സിനേഷന്‍ സെന്‍ററുകളുടെ സെഷന്‍ സൈറ്റുകളായി പ്രവര്‍ത്തിക്കുകയും അത്തരം കേന്ദ്രങ്ങളിലൂടെ വാക്സിനുകള്‍ സൗജന്യമായി നല്‍കുകയും ചെയ്തു. 2021 മാര്‍ച്ച് 1 മുതല്‍ 2021 ഏപ്രില്‍ 30 വരെ സ്വകാര്യ വാക്സിനേഷന്‍ സെന്‍ററുകള്‍ക്ക് 150 രൂപ നിരക്കില്‍ കോവിഡ് വാക്സിന്‍ നല്‍കുകയും 250 രൂപയ്ക്ക് (സേവന ചാര്‍ജായി 100 രൂപ ഈടാക്കുന്നു) പൊതുജനങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്തു.

2021 മെയ് 1 മുതല്‍ പുതിയ വാക്സിനേഷന്‍ സ്ട്രാറ്റജി നടപ്പിലാക്കിയതോടെ രാജ്യത്തെ മൊത്തം വാക്സിന്‍ ഉല്‍പാദനത്തിന്‍റെ 25% സ്വകാര്യമേഖലയ്ക്കായി നീക്കിവച്ചിട്ടുണ്ട്. തുടര്‍ന്ന് സ്വകാര്യ സെന്‍ററുകളോട് നിര്‍മാതാക്കളില്‍ നിന്ന്  കോവിഷീല്‍ഡിന് 600 രൂപയും  ജിഎസ്ടിയും കൊവാക്സിന് 1200 രൂപയും ജി എസ് ടിയും എന്ന നിരക്കില്‍  നേരിട്ട് വാക്സിന്‍ വാങ്ങാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. സേവന ചാര്‍ജിനായി 150 രൂപയ്ക്ക് ഒരു ക്യാപ്പിംഗും കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചു. ഈ സമ്പ്രദായമനുസരിച്ച് കോവിഷീല്‍ഡിന്‍റെ കാര്യത്തില്‍  കുറഞ്ഞത് 3000 ഡോസുകള്‍ ഓര്‍ഡര്‍ ചെയ്യേണ്ടതായി വന്നു. ഇതു ചെറുകിട, ഇടത്തരം ആശുപത്രികളെ വാക്സിനേഷന്‍ ഡ്രൈവില്‍ പങ്കെടുക്കുന്നത് തടയുന്ന സാഹചര്യമുണ്ടായി. 

വാക്സിന്‍ വാങ്ങുന്നതിനായി മന്ത്രാലയം ജൂലൈ മുതല്‍ പുതിയ സംവിധാനം നടപ്പാക്കി. പുതിയ സംവിധാനം അനുസരിച്ച്  സ്വകാര്യ സെന്‍ററുകള്‍ കോവിന്‍ പോര്‍ട്ടാല്‍ വഴി വാക്സിനായി ഓര്‍ഡര്‍ നല്‍കുകയും നിര്‍മ്മാതാവിന് കോവിന്‍ വഴിയല്ലാതെ നേരിട്ട് പണമടയ്ക്കുകയും ചെയ്യണം. കോവിഷീല്‍ഡ് 6000 ഡോസിനും കോവാക്സിന്‍ 2880 ഡോസിനും മുകളിലാണ് ഓര്‍ഡര്‍ എങ്കില്‍ കമ്പനി തന്നെ നേരിട്ട് വാക്സിന്‍ എത്തിച്ചു നല്‍കും. എന്നാല്‍ ഓര്‍ഡര്‍ അതിലും കുറവും കോവിഷീല്‍ഡ് ചുരുങ്ങിയത് 500 ഡോസും കോവാക്സിന്‍ 160 ഡോസും ആണെങ്കില്‍ സംസ്ഥാനത്തിന്‍റെ വിതര ശൃംഖലയിലൂടെ അത് വിതരണം ചെയ്യും.

പുതിയ നയമനുസരിച്ച് 289 ആശുപത്രികള്‍ പുതുതായി ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ജൂലൈ 19 വരെയുള്ള കണക്കുകള്‍ പ്രകാരം 2,01,320 ഡോസുകള്‍ ഇതുവരെ സംസ്ഥാനത്തിന്‍റെ ശൃംഖല വഴി വിതരണം ചെയ്യുന്നതിനുള്ള ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. നേരിട്ടുള്ള ഓര്‍ഡര്‍ ലഭിച്ചത് 13,95,500 ഡോസ് വാക്സിനാണ്. 5,93,000 ഡോസ് ആണ് ഇതുവരെ നിര്‍മ്മാതാക്കളില്‍ നിന്നും ലഭ്യമായിരിക്കുന്നത്. 250 രൂപ നിരക്കില്‍ 2021 മാര്‍ച്ച് ഒന്ന് മുതല്‍ 2021 ഏപ്രില്‍ 30 വരെ 8,29,976 ഡോസുകള്‍ സ്വകാര്യ സെന്‍ററുകള്‍ വഴി നല്‍കി.  2021 മെയ് 1 ന് ശേഷം (2021 ജൂലൈ 19 വരെ) 10,03,409 ഡോസുകള്‍ സ്വകാര്യ സെന്‍ററുകള്‍ കമ്പനികളില്‍ നിന്നും നേരിട്ട് വാങ്ങി വിതരണം ചെയ്തു. 

സ്വകാര്യമേഖലയിലെ വാക്സിനേഷന്‍റെ മേല്‍നോട്ടവും പിന്തുണയും ഉറപ്പാക്കാന്‍ എ.ഡി.എച്ച്.എസ്  എഫ്.ഡബ്ല്യുവിന്‍റെ അധ്യക്ഷതയില്‍ ഒരു ഉപസമിതി രൂപീകരിച്ചു. സ്വകാര്യമേഖലയില്‍ വാക്സിനേഷന്‍ ഡ്രൈവ് വിജയകരമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് സ്വകാര്യ ആശുപത്രികളേയും ഐഎംഎ പോലുള്ള അസോസിയേഷനുകളേയും ഏകോപിപ്പിക്കുന്നതില്‍ സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റി  സജീവ പങ്കുവഹിക്കുന്നു. സ്വകാര്യ സെന്‍ററുകളെ പിന്തുണയ്ക്കുന്നതിനായി പതിവ് അവലോകന മീറ്റിംഗുകളും പരിശീലനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios