Asianet News MalayalamAsianet News Malayalam

'അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു'; വടകര 'കാഫിര്‍' വിവാദത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി

വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പരാതി നൽകിയിരിക്കുന്നത്.

Vadakara Kafir screenshot Case Complaint against dyfi leader ribesh to Public Education Director
Author
First Published Aug 14, 2024, 8:07 PM IST | Last Updated Aug 14, 2024, 8:10 PM IST

തിരുവനന്തപുരം: വടകരയിലെ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തില്‍ റിബേഷ് രാമകൃഷ്ണനെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി. അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി ലഭിച്ചിരിക്കുന്നത്. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ്  സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ പരാതി നൽകിയിരിക്കുന്നത്.

കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന്‍ ഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ് റിബേഷാണെന്ന ആരോപണവുമായി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എം എല്‍ പി സ്കൂള്‍ അധ്യാപകനായ റിബേഷുള്‍പ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിന്‍റെ ശ്രമമെന്നും കാസിം ആരോപിച്ചു. റിബേഷുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തി.

പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ റെഡ് എന്‍ കൗണ്ടേഴ്സ് എന്ന  വാട്സാപ് ഗ്രൂപ്പില്‍ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിര്‍ പരാമര്‍ശമടങ്ങിയ സ്ക്രീന‍് ഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. റിബേഷ് രാമകൃഷ്ണന്‍ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്. എവിടെ നിന്നാണ് സ്ക്രീന്‍ ഷോട്ട് കിട്ടിയതെന്ന് റിബേഷ് വ്യക്തമാക്കാത്തതിനാല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് റിപ്പോര്‍ട്ടിലുള്ള റിബേഷ് രാമകൃഷ്ണന്‍ ഡി വൈ എഫ് ഐ വടകര ബ്ലോക്ക് പ്രസിഡന്‍റായ റിബേഷാണെന്നാണ് കേസില്‍ നേരത്തെ പ്രതി ചേര്‍ക്കപ്പെട്ട എം എസ് എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുഹമ്മദ് കാസിം പറയുന്നത്. റിബേഷിന്‍റെ ചിത്രങ്ങളും കാസിം പുറത്തു വിട്ടു. ഈ പോസ്റ്റ് ആദ്യമായി പോസ്റ്റ് ചെയ്തയാളാണ് റിബേഷ് എന്ന് വ്യക്തമായിട്ടും കേസില്‍ പ്രതി ചേര്‍ക്കാതെ സാക്ഷിയാക്കിയത് ഒത്തുകളിയാണെന്നാണ് ആരോപണം. ഈ പോസ്റ്റ് മറ്റു ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തവരേയും സാക്ഷിയാക്കുകയാണ് ചെയ്തിരിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനുള്ള ഗൂഡ ശ്രമമാണ് സിപിഎം നടത്തിയതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിപി കെ ഫിറോസ് ആരോപിച്ചു.

കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് സമീപം റോഡ് ഉപരോധിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, നേതാക്കള്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവഐഎഫ് ഐ കോഴിക്കോട്  ജില്ലാ നേതൃത്വം അറിയിച്ചു. നേതാക്കള്‍ക്കെതിരെ നടത്തുന്ന കള്ള പ്രചാരണം തള്ളിക്കളയണമെന്നും ഡിവൈഎഫ് ഐ ആവശ്യപ്പെട്ടു.

Latest Videos
Follow Us:
Download App:
  • android
  • ios