ചെന്നൈ: ചെന്നൈയിൽ മലയാളി ആത്മഹത്യ ചെയ്തത് നാട്ടിലേക്ക് മടങ്ങാനാകാത്ത മനോവിഷമത്തിലെന്ന് ആരോപണം. ബുധനാഴ്ച പുലർച്ചെയാണ് വടകര മുടപ്പിലാവിൽ മാരാൻമഠത്തിൽ ടി. ബിനീഷ് (41) ആത്മഹത്യ ചെയ്തത്. നാട്ടിലേക്ക് മടങ്ങാൻ വേണ്ടി സർക്കാരുകള്‍ ഒന്നും ചെയ്തില്ലെന്നാണ് ആത്മഹത്യാകുറിപ്പില്‍ ബിനീഷ് ആരോപിക്കുന്നത്. യാത്ര ഒഴിവാക്കണമെന്ന് വടകര മണിയൂർ പഞ്ചായത്തിൽ നിന്ന് ആവശ്യപ്പെട്ടതായി സുഹൃത്തുക്കളും ആരോപിച്ചു. ചെന്നൈയിൽ ചായക്കട ജീവനക്കാരനായിരുന്നു ബിനീഷ്.

ചൊവ്വാഴ്ച രാത്രി കേരളത്തിലേക്ക് വരാനിരിക്കുകയായിരുന്നു ഇദ്ദേഹം. എന്നാല്‍  ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹോട്ട്സ്പോട്ടായ ചെന്നൈയിൽനിന്ന്‌ ഇങ്ങോട്ട് വരേണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞതായാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. ഇതിന്റെ മനോവിഷമത്തിലാണ് ബിനീഷ് യാത്ര വേണ്ടെന്നു വച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു.

ബിനീഷിന്റെ മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ 'ഒരു മലയാളി നാട്ടിലെത്തുമ്പോൾ കൊവിഡുമായാണ് വരുന്നതെന്നു ധരിക്കുന്നവരുണ്ട്. രണ്ട് സർക്കാരുകളും തീവണ്ടിയും ബസും നാട്ടിലേക്ക് വിട്ടില്ല. മാനസികമായി തളർന്ന ഞങ്ങളെ ആര് സംരക്ഷിക്കും. നിയമം നല്ലതാണ്. പക്ഷേ, അത് മനുഷ്യന്റെ പ്രാണനെടുക്കുന്നു. സാധിക്കുമെങ്കിൽ എന്റെ മൃതദേഹം നാട്ടിൽ അടക്കംചെയ്യണം' എന്നും പറയുന്നു. 

കഴിഞ്ഞ 30നാണ് മലയാളിസംഘടനവഴി ബിനീഷ്  യാത്രാപാസിന് അപേക്ഷിച്ചത്. പാസ് ലഭിച്ചതോടെ ചൊവ്വാഴ്ച മലപ്പുറത്തേക്ക് പുറപ്പെട്ട ബസിൽ ബിനീഷിന് സൗകര്യമൊരുക്കി. എന്നാൽ, അവസാനനിമിഷം യാത്ര ഒഴിവാക്കുകയായിരുന്നു എന്നാണ് വിവരം. ബിനീഷ് മൂന്നുവർഷമായി ചെന്നൈയിൽ ചായക്കടകളിൽ ജോലിചെയ്തുവരുകയായിരുന്നു. സംഭവത്തിൽ സെവൻ വെൽസ് പോലീസ് കേസെടുത്തു. മകൾ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാർഥിനിയാണ്. പ്രവീണയാണ് ഭാര്യ.