Asianet News MalayalamAsianet News Malayalam

വഞ്ചിയൂർ അതിക്രമം നാളെ സഭയിൽ ഉന്നയിക്കുമെന്ന് കെകെ രമ, വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് വിമർശനം

തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു പ്രതിപക്ഷ എംഎൽഎയുടെ പ്രതികരണം

Vanchiyoor sexual assault KK Rama against CM and Womens commission kgn
Author
First Published Mar 20, 2023, 6:44 PM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയെന്ന് വടകര എംഎൽഎയും ആർഎംപി നേതാവുമായ കെകെ രമ. മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പത്താണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടാവുന്നത്. നാളെ സഭയിൽ ഈ വിഷയം ഉന്നയിക്കും. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പൊലീസിനെ ന്യായീകരിച്ചതും തെറ്റാണെന്ന് കെകെ രമ വ്യക്തമാക്കി. തിരുവനന്തപുരത്ത് ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു പ്രതിപക്ഷ എംഎൽഎയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം വഞ്ചിയൂർ മൂലവിളാകം ജംഗ്ഷനിൽ വച്ചാണ് അജ്ഞാതൻ 49 കാരിയെ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന ഉടൻ പേട്ട പൊലീസിൽ വിവരം അറിയിച്ചു. പക്ഷെ പൊലീസ് അനങ്ങിയില്ല. മൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിന് ശേഷമാണ് കേസെടുത്തത്. രാത്രി 11 മണിക്ക് ഇവർ മരുന്ന് വാങ്ങാനായി ടൂവീലറിൽ പുറത്തുപോയിരുന്നു. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അ‍ജ്ഞാതൻ പിന്തുടർന്നു. വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ വണ്ടി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.

സംഭവം വലിയ ചർച്ചയായതിന് പിന്നാലെ പേട്ട പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. സീനിയർ സി പി ഒ ജയരാജ്, സി പി ഒ രഞ്ജിത്ത് എന്നിവരെ സസ്പെന്റ് ചെയ്തത്. സ്ത്രീ താൻ ആക്രമിക്കപ്പെട്ട വിവരം അറിയിച്ച ശേഷം സ്ഥലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരും എത്തിയിരുന്നു. എന്നാൽ ആശുപത്രിയിലേക്ക് പോയ സ്ത്രീയെ കാണാനും മൊഴി രേഖപ്പെടുത്തി കേസെടുക്കാനും ഇവർ തയ്യാറായില്ലെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.

വിഷയത്തിൽ ജോലിയിൽ അലംഭാവവും ഗുരുതര കൃത്യവിലോപവും കാട്ടിയ പൊലീസ് ഉദ്യോഗസ്ഥരെ ന്യായീകരിക്കുന്ന നിലപാടായിരുന്നു സംസ്ഥാന വനിതാ കമ്മീഷൻ പി സതീദേവിയുടെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസ് സ്റ്റേഷനിൽ പരാതി എത്താൻ വൈകിയത് കൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്ന് അവ‍ര്‍ പറഞ്ഞു. പരാതിക്കാരി വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി വൈകാൻ കാരണമായി അവർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios