തിരുവനന്തപുരം: ജില്ലാ കളക്ടറുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ വഞ്ചിയൂർ സബ് ട്രഷറിയിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ. അകൗണ്ട്സ് ഓഫീസർ ബിജുലാലിനെയാണ് സസ്പെന്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രഷറി വകുപ്പ് പൊലീസിൽ പരാതി നൽകി. വഞ്ചിയൂർ പൊലീസിനും സിറ്റി പൊലീസ് കമ്മീഷണർക്കുമാണ് പരാതി നൽകിയത്. 

സസ്പെൻഷനിലായ അകൗണ്ട്സ് ഓഫീസർ ബിജുലാൽ തന്‍റെ അക്കൗണ്ടിലേക്ക് ഏകദേശം രണ്ട്  കോടി രൂപയാണ് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം കണ്ടെത്തിയത്. തുട‍ന്ന് സബ്ട്രഷറി ഓഫീസ‍ര്‍ ജില്ലാ ട്രഷറി ഓഫീസറെ വിവരം അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തി. പ്രാഥമിക  പരിശോധനയിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍റെ പേരും പാസ് വേര്‍ഡും ഉപയോഗിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.