ഇടുക്കി: ഇടുക്കി വണ്ടൻമേട് സർവ്വീസ് സഹകരണ ബാങ്കിലെ രണ്ടരക്കോടിയുടെ തട്ടിപ്പ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് പരാതി. തട്ടിപ്പിൽ പിടിക്കപ്പെട്ട ഇടത് യൂണിയനിൽപ്പെട്ട സെക്രട്ടറിയെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആരോപണം.

2014 മുതൽ വണ്ടൻമേട് സർവ്വീസ് സഹകരണബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറിയായിരുന്ന കെ.വൈ. ജോസാണ്. കാർഷിക കടാശ്വാസ കമ്മീഷനിൽ നിന്നുള്ള ഫണ്ടും , കർഷകർക്ക് സബ്സിഡിയായി വന്ന ഫണ്ടുമെല്ലാം ജോസ് വ്യാജ അക്കൌണ്ടുണ്ടാക്കി അതിലേക്ക് മാറ്റിയെന്നായിരുന്നു ആരോപണം. സഹകരണ അസിസ്റ്ററ്റന്റ് രജിസ്ട്രാറും, അഡ്മിനിസ്ട്രേറ്ററും നടത്തിയ അന്വേഷണത്തിൽ തിരിമറി കണ്ടെത്തുകയും,സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുകയുമുണ്ടായി. എന്നാൽ അതിനപ്പുറത്തേക്ക് നടപടി ഒന്നുമുണ്ടായില്ലെന്നാണ് പരാതി.

തന്നെ സ്വാധീനിക്കാനുള്ള ശ്രമമുണ്ടായെന്നും പരാതിക്കാരൻ പറയുന്നു. സെക്രട്ടറിയുടെ നേതൃത്വത്തിൽ ബാങ്കിൽ വെറെയും നിരവധി അഴിമതി ഉണ്ടെന്നും, സഹകരണമന്ത്രിക്കും, വിജിലൻസിനും പരാതി നൽകിയെന്നും പരാതിക്കാരൻ പറയുന്നു. അതേസമയം അന്വേഷണം നടക്കുകയാണെന്നും കാലതാമസമില്ലാതെ സെക്രട്ടറിക്കെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്നാണ് അഡ്മിനിസ്ട്രേറ്റർ പറയുന്നത്.