കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധിച്ച 25 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. വി.സിക്ക് ആർ.എസ്.എസ് അജണ്ടയാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
കാസർകോട്: കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്ഐആറിൽ പറയുന്നത്.
കാസർകോട് കേന്ദ്ര സർവകലാശാലയിലെ വി.സി ഒന്നാന്തരം ആർ.എസ്.എസുകാരനാണെന്നും വിദ്യാർത്ഥികളെ പുറത്തിറക്കിയാണ് വന്ദേമാതരം സെമിനാർ നടത്തിയതെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പ്രതികരിച്ചു. വന്ദേമാതരത്തിലെ ആദ്യ വരികൾ എസ്.എഫ്.ഐ ഉൾപ്പെടെ രാജ്യത്തിലെ എല്ലാ വിദ്യാർത്ഥികളും പാടുമെന്നും, എന്നാൽ അതിനപ്പുറമുള്ളത് വിഭജനത്തിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സർവകലാശാലകളിലും ഇത്തരം പരിപാടികൾ നടത്താനാണ് സംഘപരിവാർ ഉദ്ദേശിക്കുന്നത്. ജനഗണമന ഇവരുടെ വിഷയമേയല്ലെന്നും വന്ദേമാതരത്തെ മാത്രം ഉയർത്തിക്കാട്ടുന്നത് വർഗീയ തന്ത്രമാണെന്നും കുറ്റപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ കേരള പൊലീസ് എസ്.എഫ്.ഐയെ ആക്രമിക്കുകയാണ് ചെയ്തതെന്നും സഞ്ജീവ് ആരോപിച്ചു.
വന്ദേമാതരം സെമിനാറിനെച്ചൊല്ലി ഇന്നലേയും പ്രതിഷേധം തുടർന്നിരുന്നു. പരിപാടിയുടെ പ്രധാന സംഘാടകനും പ്രോക്ടറുമായ കെ ശ്രീകുമാറിനെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധമുണ്ടായി. ശ്രീകുമാർ പ്രസംഗിക്കുന്നതിനിടെ ഗോ ബാക്ക് വിളികളുമായി വിദ്യാർത്ഥികൾ എത്തുകയായിരുന്നു. വിദ്യാർത്ഥികൾ മൈക്ക് ഓഫ് ചെയ്തതോടെ ലൈബ്രറി ഹാളിൽ നടന്ന സെമിനാർ തടസ്സപ്പെട്ടു. സെമിനാർ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എബിവിപി പ്രവർത്തകരും എസ്എഫ്ഐ, എൻഎസ്‍യുഐ, എംഎസ്എഫ് പ്രവർത്തകരും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് വാഗ്വാദം ഉണ്ടാവുകയും ചെയ്തു.



