സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടുവെന്നും  വിധി റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍ കുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് തന്നെയാണ് 100 ശതമാനം നിഗമനവും.

വിധിയിലെ മറ്റുകാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കും. സംഭവം നടന്ന അന്ന് രാത്രി തന്നെ ക്വാട്ടേഴ്സിലെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്ത് സുരക്ഷിതമാക്കി. പിറ്റേ ദിവസം രാവിലെ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയായിരുന്നു. വിരൽ അടയാള വിദഗ്ധരും സയൻറിഫിക് വിദഗ്ധനും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടായിരുന്നുവെന്നും ടിഡി സുനില്‍കുമാര്‍ പറഞ്ഞു. കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി പ്രൊസിക്യൂട്ടറുമായി അന്വേഷണ ഉദ്യോഗസ്ഥനായ ടിഡി സുനില്‍കുമാര്‍ കൂടിക്കാഴ്ച നടത്തി.

അതേസമയം, പ്രതിയെ കുറ്റവിമുക്തനാക്കികൊണ്ട് വെറുതെ വിട്ട കോടതി വിധി റദ്ദാക്കാന്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ സുനില്‍ മഹേശ്വരന്‍ പിള്ള പറ‍ഞ്ഞു.സാക്ഷികളുടെ മൊഴിയിലെ ചെറിയ വ്യത്യാസം പോലും കോടതി വലുതായി കണ്ടു. പ്രോസിക്യൂഷൻ പറഞ്ഞ കാര്യങ്ങൾ വിധിയിൽ ഇല്ല. അന്വേഷണത്തിൽ പാളിച്ച എന്ന പരാമർശം ശരിയല്ല.പൊലീസ് കൃത്യ സമയത്ത് സ്‌ഥലതെത്തി. സി ഐ പിറ്റേദിവസം ആണ് കേസ് ഏറ്റെടുക്കുന്നത്. വിരൽ അടയാള വിദഗ്ധർ ഒപ്പം ഉണ്ടായിരുന്നു. മൊഴികളിലെ വൈരുദ്ധ്യമെന്നതില്‍ അടിസ്ഥാനമില്ല. മൊഴികളില്‍ ചെറിയ വ്യത്യാസം ഉണ്ടാകും എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അത് തിരുത്തേണ്ട കാര്യം ഇല്ലെന്നും അഡ്വ. സുനില്‍ മഹേശ്വരന്‍ പിള്ള പറഞ്ഞു.

വണ്ടിപ്പെരിയാർ കേസ്; 'പൊലീസ് പ്രതിക്കൊപ്പം നിന്നു,തെറ്റിദ്ധരിപ്പിച്ചു'; ഗുരുതര ആരോപണവുമായി കുട്ടിയുടെ അച്ഛൻ

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ് | Latest News | Kerala news #asianetnews