നാട്ടിലുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിൽ ആള് മാറി പൊലീസ് ശ്രീജിത്തിനെ പിടിച്ചു കൊണ്ടു പോവുകയായിരുന്നു. അവരുദ്ദേശിച്ച ആളല്ലെന്ന് പറഞ്ഞിട്ടും ശ്രീജിത്തിനെ നേരം വെളുക്കും വരെ പൊലീസ് പൊതിരെ തല്ലുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ഒടുവിൽ ഗുരുതര പരിക്കേറ്റ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2018 ഒൻപതാം തീയതി ശ്രീജിത്ത് മരിച്ചു.
കൊച്ചി: ഒന്നാം പിണറായി സർക്കാർ കാലത്ത് അഭ്യന്തര വകുപ്പിനെ പിടിച്ചുകുലുക്കിയ വരാപ്പുഴ കസ്റ്റഡി കൊലപാതകേസിൽ വിചാരണ അനന്തമായി നീളുന്നു. ഒൻപത് പൊലീസുകാർ പ്രതികളായ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് ഏഴ് വർഷം പിന്നിട്ടിട്ടും വിചാരണ തുടങ്ങിയിട്ടേയില്ല. പൊലീസ് സേനയെ നാണം കെടുത്തിയ കേസിൽ പൊലീസുകാർക്കെതിരായ പ്രോസിക്യൂഷൻ അനുമതി വൈകിയതും പ്രോസിക്യൂട്ടർ മാറ്റവും കേസിനെ ബാധിച്ചു. ഒരു കുടുംബത്തിന്റെ സകല സന്തോഷവും സമാധാനവും തർകത്ത കേസിൽ, അന്ന് പ്രതിപക്ഷത്തിരുന്ന് സമരം ചെയ്ത യുഡിഎഫ് ഭരണത്തിലേറിയിട്ടും നടപടികളിൽ വേഗതിയില്ലെന്ന് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വരാപ്പുഴ ഉത്സവലഹരിയിലായിരുന്ന 2018 ഏപ്രിൽ ആറ് രാത്രിയിലാണ് വീടിന്റെ ഉമ്മറത്ത് നിന്ന് ശ്രീജിത്തിനെ പൊലീസ് പിടിച്ചിറക്കി കൊണ്ടുപോയത്. നാട്ടിലുണ്ടായ ഒരു പ്രശ്നത്തിന്റെ പേരിൽ ആള് മാറി പൊലീസ് ശ്രീജിത്തിനെ പിടിച്ചുകൊണ്ടുപോവുകയായിരുന്നു. അവരുദ്ദേശിച്ച ആളല്ലെന്ന് മാറി മാറി പറഞ്ഞിട്ടും ശ്രീജിത്തിനെ നേരം വെളുക്കും വരെ പൊലീസ് പൊതിരെ തല്ലുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു. ഒടുവിൽ ഗുരുതര പരിക്കേറ്റ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2018 ഒൻപതാം തീയതി ശ്രീജിത്ത് മരിച്ചു. ക്രൂരമർദ്ദനത്തിൽ ശ്രീജിത്തിന്‍റെ ചെറുകുടൽ തകർന്നിരുന്നു. പൊലീസ് സേനയെ പിടിച്ചുകുലുക്കിയ, കുറ്റബോധം കൊണ്ട് തലതാഴ്ത്തേണ്ടിയിരുന്ന വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി കൊലപാതക കേസിൽ എട്ട് വർഷത്തിനിപ്പുവും ഒരു നടപടിയും സംഭവിച്ചിട്ടില്ല.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൊടിപ്പിച്ചിരിക്കുകയാണ് ശ്രീജിത്ത് കൊലക്കേസിലെ കുറ്റപ്പത്രം. ആലുവ റൂറൽ എസ്പി നിയമവിരുദ്ധമായി രൂപീകരിച്ച ടൈഗർ ഫോഴ്സിലെ അംഗങ്ങളായിരുന പി.പി.സന്തോഷ് കുമാര്‍, ജിതിന്‍ രാജ്, എംഎസ് സുമേഷ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും പ്രതികള്‍. അന്നത്തെ വരാപ്പുഴ എസ് ഐ ദീപക്ക് നാലാം പ്രതിയായിരുന്നു. അന്നത്തെ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാം കേസിൽ അഞ്ചാം പ്രതിയാണ്. വരാപ്പുഴ സ്റ്റേഷനിലുണ്ടായിരുന്ന എഎസ്ഐ സി.എൻ. ജയാനന്ദൻ, സിവിൽ പൊലീസ് ഓഫീസർമാരായ പി.ആർ.ശ്രീരാജ്, ഇ.ബി.സുനിൽകുമാർ എന്നിവരാണ് മറ്റു പ്രതികൾ. കസ്റ്റഡി കൊലപാതകത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെ പൊലീസുകാരെ സസ്പെൻഡ് ചെയ്തു. എന്നാൽ കേസിലെ നടപടിക്രമങ്ങൾ നീണ്ട് പോയി. ഏകദേശം 20 മാസത്തിന് ശേഷം, 2019 ഡിസംബർ 16-നാണ് കുറ്റപത്രം സമർപ്പിച്ചത്.

ഇതിനിടെ പ്രോസിക്യൂഷൻ അനുമതി വൈകി. കുറ്റപത്രം തയ്യാറാക്കിയ ശേഷമുള്ള നിയമനടപടികൾക്കും സമയമെടുത്തു. സ്പെഷ്യൽ പ്രോസിക്യൂട്ടർക്കായി നീണ്ടുപോയ കാത്തിരിപ്പ്. പ്രോസിക്യൂട്ടർ മാറ്റം. കോടതി മാറ്റം. പൊലീസുകാർ പ്രതികളായതിനാൽ സേനയിൽ നിന്നുള്ള വൈകിപ്പിക്കലുകൾ കേസിനെ ബാധിച്ചു. ഇതിനിടെ സസ്പെൻഷനും വകുപ്പ് തല അന്വേഷണവും കഴിഞ്ഞ് പ്രതികൾ സർവീസിൽ തിരികെ കയറി. നാലാം പ്രതി ദീപക്ക് ജില്ലാ ക്രൈംബ്രാഞ്ച് സിഐയാണ്. ഒന്നും രണ്ടും മുന്നും പ്രതികൾ ഇപ്പോൾ ക്യാമ്പിൽ അഞ്ചാം പ്രതി ക്രിസ്പിൻ സാം വിരമിച്ചു. ജയാനന്ദും എസ്ഐയായി റിട്ടയർ ചെയ്തു. മറ്റുള്ളവർ സ്റ്റേഷൻ ഡ്യൂട്ടിയിലാണ്. ശ്രീജിത്ത് കേസിൽ ഇതുവരെ കുറ്റപ്പത്രം വായിച്ച് കേൾപ്പിച്ചിട്ട് പോലുമില്ല. വിചാരണ എന്ന് തുടങ്ങുമെന്ന് അറിയില്ല. ഒരു വാക്ക് കൊണ്ട് പോലും സേനയിൽ നിന്നാരും കുടുംബത്തെയാരും ആശ്വസിപ്പിക്കാനും എത്തിയില്ല.
പൊലീസുകാർ പ്രതികളായ കേസിൽ പൊലീസുകാർ തന്നെയാണ് പ്രധാന സാക്ഷികൾ എന്നതും നടപടിക്രമങ്ങൾ വൈകിപ്പിച്ചു. പ്രതികൾ സേനയിലുളളപ്പോൾ തെളിവുകൾ അട്ടിമറിക്കപ്പെടുമോയെന്നും സാക്ഷികളെ സ്വാധീനിക്കുമോയെന്നും ഭയമുണ്ടെന്ന് ശ്രീജിത്തിന്‍റെ അമ്മ ശ്യാമള പറയുന്നു. ശ്രീജിത്ത് കൊല്ലപ്പെടുമ്പോൾ മകൾക്ക് നാല് വയസ്സായിരുന്നു. ശ്രീജിത്തിന്‍റെ മരണത്തിൽ അന്നത്തെ സർക്കാർ ഭാര്യക്ക് ജോലി നൽകിയിരുന്നു. പ്രാദേശിക സിപിഎം താത്പര്യമാണ് ബിജെപി അനുഭാവമുള്ള ശ്രീജിത്തിന്‍റെ കസ്റ്റഡിയിലേക്കും കൊലപാതകത്തിലേക്കും നീണ്ടതെന്നാണ് ആക്ഷേപം. അന്ന് സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണ്. എന്നിട്ടും തങ്ങൾക്ക് നീതി കിട്ടുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.


